വാർദ്ധക്യ സംബന്ധമായ രോഗാവസ്ഥകളിൽ ഏറ്റവും പ്രധാനമാണ് ഡിമെൻഷ്യ അഥവാ മറവിരോഗം. മനുഷ്യ മനസ്സിൻറെ ജീവശാസ്ത്രപരമായ അടിസ്ഥാനം മസ്തിഷ്കമാണ്. സ്ഥലകാലബോധം, ഓർമ്മശക്തി, ബുദ്ധിശക്തി, ഭാഷ, ഇന്ദ്രിയ ഗ്രഹണം, യുക്തിപൂർവ്വം ചിന്തിക്കാനുള്ള കഴിവ്, വിവേചന ശക്തി തുടങ്ങിയവയൊക്കെ തലച്ചോറിൻറെ അടിസ്ഥാന ധർമ്മങ്ങൾ ആണ്. തലച്ചോറ് ക്രമേണ ചുരുങ്ങി വരുന്നതിൻ്റെ ഫലമായി ഈ കഴിവുകളെല്ലാം കുറേശ്ശെ കുറേശ്ശെ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഡിമൻഷ്യ. ഈ അവസ്ഥയിൽ ഉള്ള വ്യക്തിക്ക് അവർ സാധാരണയായി ചെയ്യാറുള്ള കാര്യങ്ങൾ ചെയ്യുന്നതിന് പോലും വളരെ പ്രയാസം അനുഭവപ്പെടുന്നു. തന്മൂലം അയാൾക്ക് ദൈനംദിന പ്രവൃത്തികളും തൊഴിൽപരവും സാമൂഹികവുമായ കർത്തവ്യങ്ങളും നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത വരുന്നു.

ഏകദേശം 140 ൽ അധികം ശാരീരിക രോഗങ്ങൾ ഡിമെൻഷ്യ പിടിപെടാൻ കാരണമാകുന്നതായി കരുതുന്നു. അതിൽഏറ്റവും പ്രധാനപ്പെട്ട കാരണം അൽഷിമേഴ്സ് എന്ന രോഗമാണ്. രണ്ടാം സ്ഥാനം വാസ്കുലാർ ഡിമെൻഷ്യ ആണ്. ചെറിയൊരു ശതമാനം പേർക്ക് തലച്ചോറിനെ ബാധിക്കുന്ന അണുബാധകൾ, തലച്ചോറിൽ ഉണ്ടാകുന്ന ക്ഷതങ്ങൾ, ട്യൂമറുകൾ, ഹൈഡ്രോ കെഫാലസ്, വിറ്റാമിൻ ബി-12 ൻറെ കുറവ്, തൈറോയ്ഡ് ഹോർമോണിൻ്റെ കുറവ് ,മദ്യപാനം,സ്ട്രോക്ക് തുടങ്ങി നിരവധി പ്രശ്നങ്ങൾ മൂലവും ഡിമെൻഷ്യ എന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഡിമെൻഷ്യ യുടെ പ്രധാന ലക്ഷണങ്ങളെ കുറിച്ച് തുടർന്ന് വിവരിക്കാം.