നാലു വയസ്സിനു ശേഷം കാര്യമായ ശാരീരിക കാരണങ്ങൾ ഇല്ലാതെയും ഇച്ഛാപൂർവ്വം അല്ലാതെയും മലബന്ധത്തോട് കൂടിയോ അല്ലാതെയോ വസ്ത്രങ്ങളിൽ ആവർത്തിച്ചു മലം വിസർജ്ജിക്കുന്ന അവസ്ഥയാണ് Encopresis. അഞ്ചു വയസ്സുവരെയുള്ള കുട്ടികളിൽ ഏകദേശം ഒരു ശതമാനമാണ് ഇതിൻറെ ആധിക്യം. ആൺകുട്ടികളിലാണ് ഇത് കൂടുതൽ കാണപ്പെടുന്നത്.

അസുഖം Encopresis ആണെന്ന് ഉറപ്പാക്കുന്നതിനു മുൻപ് വൻകുടലിനെ ബാധിക്കുന്ന Hirschsprung Disease തുടങ്ങിയ ശാരീരിക രോഗങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ടോയ്ലറ്റ് ഉപയോഗിക്കുന്നതിനുള്ള അപര്യാപ്തമായ പരിശീലനവും മാതാപിതാക്കളും കുട്ടിയും തമ്മിലുള്ള സംഘർഷങ്ങളും ഈ അവസ്ഥയിലേക്ക് നയിക്കുന്നതിന് കാരണമാവാറുണ്ട്. പെരുമാറ്റ വൈകല്യങ്ങൾ, മാതാപിതാക്കളിൽ നിന്നുള്ള വേർപാട്, മറ്റൊരു കുഞ്ഞിൻറെ ജനനം തുടങ്ങിയ കാര്യങ്ങൾ പലപ്പോഴും മലവിസർജന രോഗങ്ങൾ പ്രത്യക്ഷപ്പെടുന്നതിനു കാരണമാവുന്നു.

ഈ അസുഖം കുട്ടിയിൽ ലജ്ജ ഉള്ളവാക്കുന്ന തിലേക്കും സാമൂഹികമായി ഒറ്റപ്പെടുന്നതിലേക്കും നയിക്കുന്നു.

ചികിത്സ:-

മലവിസർജനത്തെ കുറിച്ചും, തൻറെ ലജ്ജാബോധത്തെ കുറിച്ചും, മറ്റുള്ളവരിൽ നിന്നുള്ള ഒറ്റപ്പെടലിനെ കുറിച്ചും മനസ്സ് തുറന്നു ചർച്ച ചെയ്യുവാൻ കുട്ടിക്ക് വ്യക്തിഗതമായ മനഃശാസ്ത്ര ചികിത്സ ആവശ്യമായി വന്നേക്കാം. കൂടാതെ പെരുമാറ്റ വൈകല്യം തിരുത്താനുള്ള പെരുമാറ്റ ചികിത്സ, രക്ഷിതാക്കൾക്കായി ഉള്ള മാർഗനിർദ്ദേശവും ഫാമിലി തെറാപ്പിയും, മലദ്വാരത്തിൽ വ്രണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഒരു ശിശുരോഗ വിദഗ്ധൻറെ ഉപദേശം എന്നിവയും ചികിത്സയിൽ ഉൾപ്പെടുന്നു.