Stress നെകുറിച്ച് നാം ശാസ്ത്രീയമായി വിശകലനം ചെയ്യുമ്പോൾ സാധാരണയായി കാണുന്ന മൂന്ന് പദങ്ങളാണ് Stress, Stressor, Strain എന്നിവ. ഏതൊരു കാര്യത്തിലും ഒരു കാരണമായി ഒരു ഘടകം ഉണ്ടാകുമല്ലോ. Stress എന്ന അവസ്ഥയിലേക്ക് നയിക്കുന്ന ഘടകമാണ് Stressor. ഉദാഹരണമായി ഒരു വിദ്യാർഥി പരീക്ഷയിൽ തോൽക്കുന്നു. നമ്മൾ ഉദ്ദേശിക്കുന്ന സ്ട്രെസ്സ് എന്ന അവസ്ഥയിലേക്ക് നയിക്കുന്ന ഘടകം ഇവിടെ പരീക്ഷയിലെ തോൽവി ആണ്. അങ്ങനെ പരീക്ഷയിൽ തോറ്റു എന്ന് കരുതി വലിയൊരു സമ്മർദ്ദത്തിലേക്ക് പോകണമെന്നില്ല. അത് പല ജീവശാസ്ത്രപരവും മനഃശാസ്ത്രപരവും സാമൂഹ്യപരവുമായ ഘടകങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇനി എന്താണ് സ്ട്രെയിൻ എന്നുവച്ചാൽ സമ്മർദ്ദ ത്തിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിയുടെ അനുഭവങ്ങളുടെ ആകെ തുകയായാണത്. ഒന്നുകൂടി വ്യക്തമാക്കിയാൽ പരീക്ഷയിലെ തോൽവി കൊണ്ട് കുട്ടി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വിവിധ അനുഭവങ്ങൾ സ്ട്രെയിൻ എന്ന പദം കൊണ്ട് വിവക്ഷിക്കാം. ചുരുക്കത്തിൽ നമ്മൾ സ്ട്രെസ്സ് എന്ന പദം വ്യാപകമായി ഉപയോഗിക്കുമ്പോൾ യഥാർഥത്തിൽ സ്ട്രെയിനിനെ ആണ് നാം ഉദ്ദേശിക്കുന്നത് എന്നതാണ് വാസ്തവം.

സ്ട്രെസ്സിൻെറ പിതാവായി അറിയപ്പെടുന്ന Hans Selye(1907-1983) തന്നെ ഇതിനെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. 1930 കളിൽ അദ്ദേഹം നടത്തിയ നിരീക്ഷണ പരീക്ഷണങ്ങൾ ആയിരത്തോളം പേജുകളുള്ള തൻറെ പ്രബന്ധത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. പിൽക്കാലത്ത് അദ്ദേഹം തന്നെ പറയുകയുണ്ടായി തൻറെ ഇംഗ്ലീഷ് പരിജ്ഞാനത്തിലെ പ്രാരംഭ ദശയിലെ അപര്യാപ്തതയാണ് തന്നെ സ്ട്രെയിൻ എന്ന പദത്തിനു പകരം സ്ട്രസ് എന്ന പദത്തെ ഉയർത്തി കാട്ടുവാൻ ഇടയാക്കിയത് എന്നത്. അതേസമയം പന്ത്രണ്ടോളം ഭാഷകൾ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള ഒരു നോബൽ സമ്മാന ജേതാവായിരുന്നു Hans Selye എന്നുകൂടി നാം കൂട്ടി വായിക്കേണ്ടതാണ്.