നമ്മുടെ അയൽപക്കങ്ങളിലും ബന്ധു-സുഹൃത് വലയങ്ങളിലും സാധാരണയായി കാണുന്നതും കേൾക്കുന്നതുമായ ചില സംഭവങ്ങളിലേക്ക് ഒന്നു പോകാം. ജോയ്-ക്ലാര ദമ്പതികളുടെ ഏക പുത്രനായ അനൂപ് കഴിഞ്ഞ ഒരു വർഷമായി മെഡിക്കൽ എൻട്രൻസ് വേണ്ടി അശ്രാന്തം പരിശ്രമിക്കുക ആയിരുന്നു. റിസൾട്ട് വന്നപ്പോൾ ആവട്ടെ അനൂപിന് റാങ്ക് കുറച്ചു പിറകിലായി. തനിക്ക് മുന്നിൽ വാതിലുകൾ എല്ലാം അടഞ്ഞു എന്ന ഒരു മാനസികാവസ്ഥയിൽ അവൻ വല്ലാതെ വിഷണ്ണനായി. അഭിലാഷങ്ങളും പ്രതീക്ഷകളും ഉള്ളിൽ ഒളിപ്പിച്ചു. എന്നാൽ മാതാപിതാക്കൾ അവന് മികച്ച പിന്തുണയും ആശ്വാസ വാക്കുകളും പകർന്നപ്പോൾ ഏതാനും ദിവസങ്ങൾ കൊണ്ട് തന്നെ അനൂപ് തൻറെ മൂഡ് ഓഫിൽ നിന്നും കരകയറി.

ഇനി മറ്റൊരു സംഭവം കാണാം. 23 വയസ്സും എം ബി എ ബിരുദവും സാമാന്യം സൗന്ദര്യവും ചുറുചുറുക്കുമുള്ള ജമീലക്ക് പെട്ടന്നാണ് അത് സംഭവിക്കുന്നത്. വിവാഹാലോചനയുടെ ഭാഗമായി പെണ്ണുകാണൽ ചടങ്ങ് നടന്നു. ശേഷം പയ്യൻറെ വീട്ടുകാർ പെൺകുട്ടിയെ ഇഷ്ടമായില്ല എന്ന് ജമീലയുടെ വീട്ടുകാരെ അറിയിച്ചു. അവിടം തൊട്ടാണ് സംഭവങ്ങളുടെ തുടക്കം. ഭക്ഷണം കഴിക്കാൻ കൂട്ടാക്കാതെ, ആർക്കും മുഖം കൊടുക്കാതെ സങ്കടപ്പെട്ട് ഇരിക്കാൻ തുടങ്ങിയ ജമീലയെ രക്ഷിതാക്കൾ ആദ്യം ആശ്വസിപ്പിക്കുന്നു. തുടർന്ന് കാര്യമായ പുരോഗതി കാണാതെ ആയപ്പോൾ കൗൺസിലിംഗ് നൽകാനായി ഒരു പ്രമുഖ മനശാസ്ത്രജ്ഞനെ സമീപിക്കുന്നു. കൃത്യമായ ഇടവേളയിൽ ഉള്ള ഏതാനും സെഷൻ കഴിഞ്ഞപ്പോൾ തന്നെ പ്രത്യേകിച്ച് ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ ജമീല പഴയ മിടുക്കിയായി. മാത്രമല്ല ഇന്നവൾ HR മാനേജർ ആയി ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു.

ഇവിടെ നാം മനസ്സിലാക്കേണ്ട പ്രധാന കാര്യം കുടുംബാംഗങ്ങളിൽ നിന്നുള്ള കൃത്യസമയത്തുള്ള വൈകാരിക പിന്തുണ പ്രതിസന്ധികളിൽ ഒരു മുതൽക്കൂട്ട് തന്നെയാണ്. അതുപോലെതന്നെ വിദഗ്ധ സഹായം തേടേണ്ട സമയത്ത് തേടിയാൽ അത് വലിയ ബുദ്ധിമുട്ട് കളിലേക്ക് പോകാതെ നമ്മെ രക്ഷപ്പെടാനും സഹായിക്കും.