Bulimia Nervosa (ബുളിമിയ നെർവോസ)
ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട മറ്റൊരു വൈകല്യമാണ് Bulimia Nervosa. ഒരിക്കൽ ഒരു 15 വയസ്സുകാരിയെ മാതാപിതാക്കൾ മനോരോഗ വിദഗ്ധൻെറഅടുത്ത് എത്തിക്കുന്നു. വായിൽ വിരലിട്ട് അസാധാരണമാംവിധം ഛർദ്ദിച്ചു കൊണ്ടിരിക്കുന്ന പ്രവണത കുട്ടി കാണിച്ചിരുന്നു. ആഴ്ചയിൽ മൂന്നോ നാലോ തവണ കാണപ്പെടുന്ന ഈ പെരുമാറ്റം മാനസിക വിഷമം കൂടുതലായി അനുഭവപ്പെടുമ്പോഴാണ് ചെയ്യാറുള്ളത് എന്ന് അവൾ പറഞ്ഞു. താൻ പതിവായി അത്യാർത്തിയോടെ ഭക്ഷണം വാരി വിഴുങ്ങാറുണ്ടെന്നും അവ ചർദ്ദിച്ചു പുറത്തേക്കു കളഞ്ഞില്ലെങ്കിൽ തടിച്ചു പോകുമെന്ന് ഭയക്കുന്നുവെന്നും അവൾ പറഞ്ഞു. ചില സമയങ്ങളിൽ ഒരു നിയന്ത്രണവും ഇല്ലാതെ എന്തും ഭക്ഷിച്ചു തീർക്കാനുള്ള പ്രവണതയായി ട്ടാണ് അവൾ തൻറെ സ്വഭാവത്തെ വിവരിച്ചത്. സ്വയം ഉണ്ടാക്കി ഛർദ്ദിക്കൽ സുഹൃത്തുക്കളുടെ ശ്രദ്ധയിൽ പെട്ടപ്പോൾ അവൾ മനോരോഗ വിദഗ്ധനെ കാണുവാൻ സമ്മതിക്കുകയായിരുന്നു.
ചികിത്സ:-
അമിതമായ കൂടെക്കൂടെയുള്ള ഭക്ഷണം കഴിക്കൽ കൊണ്ടും വയറിളക്കൽ കൊണ്ടും ഉണ്ടാകുന്ന അപകടസാധ്യതകൾ ഉള്ള രോഗികളെയും, കഠിനമായ വിഷാദമോ ആത്മഹത്യാ പ്രവണതയോ ഉള്ള രോഗികളെയും ആശുപത്രിയിൽ കിടത്തി ചികിത്സിക്കുന്നതാണ് അഭികാമ്യം. ഇത്തരക്കാരിൽ ഔഷധ ചികിത്സ ആവശ്യമാണ്. കൂടാതെ പെരുമാറ്റ ചികിത്സ നൽകുന്നതുവഴി രോഗി അമിതമായി ഭക്ഷണം കഴിക്കുവാനും ഛർദ്ദിക്കാനുമുള്ള തിടുക്കം കുറച്ചു കൊണ്ടുവരാൻ സാധിക്കും.
അവബോധ ചികിത്സ നൽകുന്നതിലൂടെ (Cognitive Behavioural therapy) രോഗിയുടെ അവബോധത്തിൽ ഉള്ള വൈകല്യം തിരിച്ചറിയപ്പെടുകയും അത് എന്തുകൊണ്ടാണ് ഉണ്ടായത് എന്ന് വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. ശരീര പ്രതിച്ഛായയെ കുറിച്ചുള്ള തെറ്റായ ധാരണ പുനർവ്യാഖ്യാനം ചെയ്യുകയും അടിസ്ഥാനപരമായ അനുമാനങ്ങളിൽ മാറ്റം വരുത്തുകയും ചെയ്യുന്നു.