ഭക്ഷണം കഴിക്കുന്നതിലെ ഒരു വൈകല്യമാണിത്. യൗവനാരംഭത്തിൽ പ്രത്യേകിച്ചും യുവതികളിൽ കൂടുതലായി കാണപ്പെടുന്ന ഭക്ഷണം കഴിക്കുന്നതിലെ ഒരു വൈമുഖ്യ രോഗമാണിത്. തൻറെ ശരീരത്തിൻറെ പ്രതിച്ഛായയെ കുറിച്ച് മനസ്സിൽ രൂപപ്പെടുന്ന വികലമായ സങ്കല്പം രോഗനിർണയത്തിന് പരിഗണിക്കപ്പെടുന്നു. താൻ തടിച്ചു പോകുമോ എന്നുള്ള അസാധാരണമായ ഭീതി മൂലമാണ് ഈ രോഗമുണ്ടാകുന്നത് എന്ന് കണക്കാക്കുന്നു. സാധാരണ വേണ്ട ശരീരഭാരം നിലനിർത്തുവാൻ വിസമ്മതിക്കുകയും ഭാരം ഗണ്യമായി കുറയുന്ന വിധത്തിൽ ഭക്ഷണം ക്രമീകരിക്കുന്നതിന് ഉള്ള പ്രേരണ ഉണ്ടാവുകയും ചെയ്യുന്നതുമൂലം ശരീരഭാരം വേണ്ടതിനേക്കാൾ ചുരുങ്ങിയത് 15 ശതമാനമെങ്കിലും കുറയുന്നു. ഭാരം കുറയ്ക്കൽ പ്രക്രിയ മിക്കവാറും രഹസ്യമായിട്ടാണ് ചെയ്യുക.

രോഗി പലപ്പോഴും ഭക്ഷണം പഴങ്ങൾ, പച്ചക്കറികൾ എന്നിവയിലേക്ക് മാത്രമായി പരിമിതപ്പെടുത്തുകയും മാംസം, പാലുൽപന്നങ്ങൾ, കലോറി കൂടിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുകയും ചെയ്യുന്നു. പട്ടിണി മൂലം ഇത്തരം രോഗികളിൽ കുറഞ്ഞ രക്തസമ്മർദം, കുറഞ്ഞ ശരീര ഊഷ്മാവ്, ഇ.സി.ജി യിലെ തകരാറുകൾ എന്നിവ കാണാം. കഴിച്ച ഭക്ഷണം ഛർദ്ദിക്കുക യോ വയറിളക്കുകയോ ശരീരത്തിലെ ജലാംശം കുറയ്ക്കുവാൻ ഉപയോഗിക്കപ്പെടുന്ന ഔഷധങ്ങൾ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്ന ഇവരിൽ ഏറ്റവും സാധാരണവും ഏറ്റവും കൂടുതൽ മാരകമായതുമായ അനന്തരഫലങ്ങൾ ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന തകരാറുകളാണ്.

ചികിത്സ:-

* ഔഷധ ചികിത്സയിൽ പ്രധാനമായും വിഷാദരോഗത്തിനുള്ള ഔഷധങ്ങളായ ആൻറി ഡിപ്രസൻറ് മരുന്നുകളാണ് സാധാരണയായി ഉപയോഗിക്കുന്നത്. കൂടാതെ പെരുമാറ്റ ചികിത്സയും, ഫാമിലിതെറാപ്പിയും വ്യക്തിഗത മനഃശാസ്ത്ര ചികിത്സയും ഇതിനായുള്ള ചികിത്സയിൽ ഉൾപ്പെടുന്നു.