ഷോക്ക് ചികിത്സ (ECT) തെറ്റിദ്ധരിക്കപ്പെടുമ്പോൾ…
ECT(Electroconvulsive Therapy) യെപോലെ വൈദ്യശാസ്ത്രത്തിൽ ഇത്രയധികം തെറ്റിദ്ധരിക്കപ്പെടുകയും വികലമായി ചിത്രീകരിക്കപ്പെടുകയും ചെയ്ത മറ്റൊരു ചികിത്സാരീതി വേറെ ഇല്ല എന്നുള്ളതാണ് വസ്തുത. അതേ സമയം മനോരോഗങ്ങളിൽ ചില ഘട്ടങ്ങളിൽ രോഗിയുടെ ജീവൻ രക്ഷിക്കാൻ വേറൊരു മാർഗ്ഗവും ഇല്ലാത്ത അവസ്ഥ ഉണ്ടാകാറുമുണ്ട്. ആത്മഹത്യാ പ്രവണതയുള്ള രോഗികളിലും ചികിത്സിച്ച് മാറ്റാൻ ബുദ്ധിമുട്ടുള്ള രോഗികളിലും ECT വളരെ ഫലപ്രദമാണ്. ഷോക്ക് ചികിത്സ എന്നാണ് ഇത് സർവസാധാരണമായി അറിയപ്പെടാറ്. നേരത്തെ സൂചിപ്പിച്ച Stupor എന്ന അവസ്ഥയിൽ ECT കൊടുക്കാൻ മടിച്ചാൽ രോഗിയെ രക്ഷിക്കാൻ പറ്റാതാവാനും സാധ്യതയുണ്ട്. സമൂഹത്തിലെ തെറ്റിദ്ധാരണകൾ മൂലം പലപ്പോഴും ഈ ഒരു ചികിത്സാരീതിക്ക് സ്വീകാര്യത കിട്ടാതെ പോകുന്ന അവസ്ഥയുംവിരളമല്ല.
മനോരോഗവിദഗ്ധൻറെ നേതൃത്വത്തിൽ Anesthetist -ൻറെ സഹായത്തോടെ മയക്കിയ ശേഷം മാത്രമാണ് ആധുനികകാലത്ത് ECT കൊടുക്കാറ്. ഇതിനെ Modified ECT എന്നാണ് വിളിക്കാറ്. രോഗിക്ക് ഓപ്പറേഷൻ തിയേറ്ററിൽ എത്തുന്നതും മയക്കത്തിന് മരുന്നുകൾ കൊടുക്കുന്നതും വരെയുള്ള കാര്യങ്ങൾ മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ. ഇവിടെ ഒട്ടും തന്നെ വേദന അറിയുന്നില്ല. ECT കൊടുത്ത ശേഷം തിയേറ്ററിൽ തന്നെ നിരീക്ഷണത്തിൽ വച്ച് പൂർണമായും ബോധം വന്നശേഷം മാത്രമേ രോഗിയെ പുറത്തു കൊണ്ടു വരികയുള്ളൂ. ശേഷം ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള രോഗമുക്തി ആണ് കാണാറ്. അത്തരം മാറ്റങ്ങൾ നേരിട്ടു കണ്ട ആരും തന്നെ ECTക്ക് എതിരായി ഒന്നും സംസാരിക്കാൻ സാധ്യതയില്ല. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതെ തന്നെ ECT ഒ.പി ആയും നൽകാവുന്നതാണ്. ഏറെ നവീകരണങ്ങളിലൂടെ കടന്നുപോയ ഈ ചികിത്സാരീതി 70 വർഷത്തിനു മുകളിൽ ഇന്നും ഉപയോഗിച്ചു പോവുന്നു എന്നുള്ളത് അതിൻറെ മേന്മയും സുരക്ഷിതത്വത്വും സാക്ഷ്യപ്പെടുത്തുന്നതാണ്. നാം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം വികസിത രാജ്യങ്ങളിലും ECT അഥവാ ഷോക്ക് ചികിത്സ പ്രധാനപ്പെട്ട ഒരു ചികിത്സാ രീതിയാണ് എന്നുള്ളതാണ്.