30 വയസ്സുകാരിയായ നീലിമയുടെ വിവാഹം കഴിഞ്ഞിട്ട് എട്ടു വർഷമായി. മൂന്നു കുട്ടികളും ഭർത്താവും ഭർത്താവിൻ്റെ മാതാപിതാക്കളും അടങ്ങുന്ന ഒരു സന്തുഷ്ട കർഷക കുടുംബമായിരുന്നു നീലിമയുടേത്. ദൗർഭാഗ്യകരമായ ആ സംഭവം നടക്കുന്നത് നീലിമയുടെ മൂന്നാമത്തെ പ്രസവം കഴിഞ്ഞ് ഒന്നര മാസത്തിനുശേഷമാണ്. പ്രസവാനന്തരം ഒന്നരമാസം വരെ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതെ സന്തോഷവതിയായി കഴിഞ്ഞ നീലിമക്ക് പെട്ടെന്നാണ് അത് സംഭവിച്ചത്. കുട്ടിയെ ശ്രദ്ധിക്കാതെ, വ്യക്തി ശുചിത്വം പോലും പാലിക്കാതെ വിവിധ അസ്വസ്ഥതകൾ അവൾ കാണിച്ചു തുടങ്ങി. ഒരു കാര്യത്തിലും താൽപര്യമില്ലാതെ മൂകയായി കാണപ്പെട്ട നീലിമ ദിവസങ്ങളോളം ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയും കരഞ്ഞു തീർത്തു കൊണ്ടിരുന്നു.

പരമ്പരാഗത കാർഷിക കുടുംബം ആയിരുന്ന നീലിമയുടെ കുടുംബാംഗങ്ങളെല്ലാം ഈ ഒരു അവസ്ഥയെ ഒരു രോഗമായി കണക്കാക്കാതെ അവളെ മന്ത്രങ്ങളിലൂടെയും സ്വാന്തനത്തിലൂടെയും നേരെയാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. പതിവുപോലെ നീലിമയെയും കുട്ടിയെയും വീട്ടിൽ നിർത്തി കുടുംബാംഗങ്ങൾ കൃഷിഭൂമിയിൽ ജോലിക്കുപോയി. രണ്ടു മണിക്കൂറിനു ശേഷം നാട്ടുകാരുടെ എല്ലാം കരച്ചിലും ബഹളവും കേട്ട് എല്ലാവരും ഓടി വീട്ടിൽ എത്തി. അപ്പോൾ കണ്ടത് കിണറ്റിൽ ചാടിയ നിലയിലുള്ള നീലിമയേയും കുഞ്ഞിനേയും അയൽവാസികൾ കരക്ക് കയറ്റാൻ വെപ്രാളപ്പെട്ട് ശ്രമിക്കുന്നത് ആയിരുന്നു. നിർഭാഗ്യമെന്നു പറയട്ടെ കുഞ്ഞിൻറെ ചേതനയറ്റ ശരീരത്തെയും അബോധാവസ്ഥയിലുള്ള നീലിമയെയും ആണ് തിരിച്ചുകിട്ടിയത്. തുടർന്നാണ് മനോരോഗ വിദഗ്ധനെ സമീപിക്കുന്നത്. പ്രസവാനന്തരം ചില സ്ത്രീകളിൽ കാണുന്ന പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്ന ഒരു രോഗമാണിത് എന്ന് മനസിലായി. ഇത്തരം സന്ദർഭങ്ങളിൽ കൃത്യസമയത്തുള്ള ചികിത്സ കിട്ടിയിരുന്നെങ്കിൽ ഒന്നുമറിയാത്ത ആ പിഞ്ചുകുഞ്ഞിനെ രക്ഷിക്കാമായിരുന്നു എന്ന ആത്മഗതം പറയാനേ പലർക്കും കഴിഞ്ഞുള്ളൂ. മനോരോഗ വിദഗ്ധൻ്റെ നേതൃത്വത്തിലുള്ള തുടർ ചികിത്സയിലൂടെ ഏതാനും മാസങ്ങൾ കൊണ്ട് നീലിമ പൂർവ്വ ആരോഗ്യം വീണ്ടെടുത്തു. ഇത് യഥാവിധി കണ്ടെത്തപ്പെടാതിരിക്കുമ്പോൾ ഗർഭസ്ഥ ശിശുവിൻ്റെയും നവജാത ശിശുവിൻ്റെയും ശാരീരികവും മാനസികവുമായ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു എന്ന വസ്തുത നാം കാണാതെ പോകരുത്.