സമ്മർദ്ദ(Stress)പ്രതിരോധം.. ചില കാര്യങ്ങൾ.
സ്ട്രസ്സ് ഫ്രീ ആയിട്ടുള്ള ഒരു ജീവിതം നമ്മെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ലല്ലോ. എന്നാൽ മുൻകരുതലുകൾ എടുക്കുന്നതിലൂടെ വന്നുചേർന്നേക്കാവുന്ന പല സമ്മർദ്ദങ്ങളും നമുക്ക് പ്രതിരോധിക്കാൻ സാധിച്ചേക്കാം. സ്ട്രസ്സ് ഉണ്ടാവുമ്പോൾ ആ ഒരു സാഹചര്യത്തെ അതിജീവിക്കുന്നതിനായി നിരവധി ഹോർമോണുകളുടെ സംയുക്തമായ പ്രവർത്തനം ഏറെ പങ്കുവഹിക്കുന്നുണ്ട്. ഇവിടെ ഭാഗവാക്ക് ആകുന്ന ഒരു കൂട്ടം ഹോർമോണുകളെയാണ് സ്ട്രസ് ഹോർമോണുകൾ എന്നു വിളിക്കുന്നത്. ഹൈപ്പോതലാമസ്-പിറ്റ്യൂറ്ററി-അഡ്രിനൽ ഗ്രന്ഥികൾ ആണ് ഈ ഹോർമോണുകളുടെ ഉൽപാദനവും പ്രവർത്തനവും നിയന്ത്രിക്കുന്നത്. ഈ സങ്കീർണമായ പ്രവർത്തനത്തിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്ന അച്ചുതണ്ട് ആണ് ഹൈപ്പോതലാമസ്-പിറ്റ്യൂറ്ററി-അഡ്രിനൽ ആക്സിസ്(HPA Axis). സമ്മർദ്ദം അനുഭവപ്പെടുന്ന വേളയിൽ ഈ ആക്സിസിൻറെ പ്രവർത്തനം ചില പ്രത്യേക സൂചനകളുടെ അടിസ്ഥാനത്തിൽ ഉദ്ദീപിപ്പിക്കപെടുകയോ അല്ലെങ്കിൽ മന്ദീഭവിക്കപ്പെടുകയോ ചെയ്യാം.
ചില നിർദ്ദേശങ്ങൾ നമുക്ക് പരിശീലിക്കാം..
* ചിട്ടയായ ജീവിതക്രമം. ആരോഗ്യകരമായ ഭക്ഷണ ക്രമവും നിദ്രാശീലവും അത്യാവശ്യമാണ്.
* പോസിറ്റീവ് മനോഭാവം വെച്ച് പുലർത്തുക. പരാജയത്തിൽ നാം ഒന്ന് പതറും എങ്കിലും പിന്നീട് വരുന്ന കാര്യങ്ങളിലേക്ക് പ്രത്യാശയോടു കൂടിയുള്ള നോട്ടം ആവശ്യമാണ്.
* എല്ലാ കാര്യങ്ങളും നമ്മുടെ പരിധിയിൽ ആണെന്ന ധാരണ വെച്ചു പുലർത്താതെ ഇരിക്കുക.
* ഫലപ്രദമായ സമയ വിനിയോഗം. സമ്മർദ്ദ നിവാരണത്തിന് നമ്മുടെ നിഘണ്ടുവിൽ നിന്ന് ഒഴിവാക്കേണ്ട രണ്ടു കാര്യങ്ങളാണ് ഒഴിഞ്ഞു മാറലും, നീട്ടി വെക്കലും.
* ശക്തമായും ആർജ്ജവത്തോടെയും പ്രതികരിക്കാൻ പരിശീലിക്കുക.
* വിശ്രമത്തിനും വിനോദത്തിനും സമയം കണ്ടെത്തുക.
* സാമൂഹ്യ കൂട്ടായ്മകളിൽ പങ്കാളികളാവുക.
* ചിട്ടയായ വ്യായാമം, റിലാക്സേഷൻ ടെക്നിക്കുകൾ മൈൻഡ് ഫുൾനസ്എന്നിവ പരിശീലിക്കുക.
* ആരോഗ്യകരമായ വ്യക്തി ബന്ധങ്ങൾ കാത്തുസൂക്ഷിക്കുക.
ഇപ്രകാരം ചില മുൻകരുതലുകൾ നാം എടുക്കുമ്പോൾ നമ്മുടെ സമ്മർദ്ദ പ്രതിരോധ സംവിധാനം സുസജ്ജമായി നിലകൊള്ളുന്നതാണ്. അപ്പോൾ സാഹചര്യങ്ങളെ കുറച്ചുകൂടി ഫലപ്രദമായി അഭിമുഖീകരിക്കാൻ നമുക്ക് തീർച്ചയായും സാധിക്കും.