Tic Disorder..
ഒരു വ്യക്തിയുടെ ഇഷ്ടത്തിനനുസരിച്ച് അല്ലാതെ ദ്രുതഗതിയിലും താളക്രമത്തിൽ അല്ലാതെയുമുള്ള ആവർത്തിച്ചുള്ള ശാരീരിക ചലനങ്ങളും ശബ്ദ പ്രകടനങ്ങളും ഉണ്ടാവുന്ന അവസ്ഥയാണ് ടിക്ക് രോഗം. രോഗിക്ക് ഇവയെ പൂർണമായി പിടിച്ചുനിർത്താൻ ആകില്ല എങ്കിലും ഏതാനും മിനുട്ടുകൾ മുതൽ മണിക്കൂറുകൾ വരെ ഇച്ഛയ്ക്ക് അനുസൃതമായി നിയന്ത്രിച്ചു നിർത്താവുന്നതാണ്. കണ്ണ് ചിമ്മൽ, കഴുത്ത് തുള്ളൽ, തോൾ മുകളിലേക്ക് ചലിപ്പിക്കൽ, മുഖം കോട്ടൽ എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന ചലന വൈകല്യങ്ങൾ.
ശബ്ദത്തെ ബാധിക്കുന്ന ടിക്ക് രോഗത്തിൽ ചുമക്കൽ, തൊണ്ട വൃത്തിയാക്കൽ, അമറൽ, മുക്രഇടൽ എന്നിവയാണ് സാധാരണ കാണപ്പെടാറുള്ളത്. മാത്രമല്ല ഒന്നിലധികം പേശികൾ ഉൾപ്പെട്ട സങ്കീർണ ടിക്ക് രോഗത്തിൽ(Complex Motor Tics) മുഖം കൊണ്ടുള്ള ആംഗ്യങ്ങൾ, സ്വയം ഇടിക്കുകയോ കടിക്കുകയോ ചെയ്യൽ, ചാടൽ, വേണ്ടാതെ സ്പർശിക്കൽ, ചവിട്ടി മെതിക്കൽ, വസ്തുക്കളുടെ മണം പിടിക്കൽ എന്നിവ കാണപ്പെടാറുണ്ട്. സങ്കീർണമായ ശബ്ദം ഉണ്ടാക്കുന്ന ടിക്ക് രോഗത്തിൽ(Complex Vocal Tics) അനവസരത്തിൽ പ്രത്യേക വാക്കുകൾ ആവർത്തിക്കുക, അശ്ലീല വാക്കുകൾ, മറ്റൊരാളിൽ നിന്നും കേട്ട പദമോ ശബ്ദമോ അവസാനമായി കേട്ട ശബ്ദമോ ആവർത്തിക്കൽ എന്നിവയാണ് കാണപ്പെടുന്നത്. ഇതിനുപുറമേ മറ്റൊരാളുടെ ചലനങ്ങൾ അനുകരിക്കുക തുടങ്ങിയ മറ്റു സങ്കീർണ്ണ ടിക്ക് രോഗങ്ങളും ഉണ്ട്.
പതിനായിരത്തിൽ 4 മുതൽ 5 പേർക്ക് കണ്ടുവരുന്ന ഈ രോഗത്തിൻറെ പുരുഷ സ്ത്രീ അനുപാതം 3:1 ആവുന്നു. ഔഷധ ചികിത്സയും മനശാസ്ത്ര ചികിത്സയും സംയുക്തമായി നൽകി ടിക്ക് രോഗങ്ങൾ ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്.