ആരൊക്കെയോ പിന്തുടരുന്നു …ചുറ്റിലും ശത്രുക്കളാണ്.
സംശയ രോഗങ്ങളിൽ പെട്ട ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഒരു രോഗമാണ് Delusion of Persecution അഥവാ പീഡന സംശയരോഗം. താൻ ചതിക്കപ്പെടുന്നു ,തന്നെ ആരോ പിന്തുടരുന്നു ,ഭക്ഷണപാനീയങ്ങളിൽ വിഷവസ്തുക്കൾ ചേർത്ത് കൊല്ലാൻ ശ്രമിക്കുന്നു, ദുർ മന്ത്രവാദികളെ ഉപയോഗിച്ച് തനിക്കെതിരെ കൂടോത്രം ചെയ്യുന്നു, തൻറെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്നിങ്ങനെ നിരവധി സാങ്കല്പിക സാഹചര്യങ്ങൾ ഒന്നൊന്നായി കൂട്ടിയിണക്കി വളരെ സങ്കീർണമായ സംശയാവസ്ഥ ഇത്തരം രോഗികളുടെ മനസ്സിൽ രൂപംകൊള്ളുന്നു.
ഇത്തരം സാങ്കല്പികമായ സംശയസാഹചര്യങ്ങളിൽ നിന്നും രക്ഷ നേടുന്നതിനായി രോഗികൾ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാറുണ്ട്. മാത്രമല്ല ഇങ്ങനെയുള്ള ചിന്തകളുടെ ഫലമായി പോലീസിൽ പരാതി നൽകുക ,ജോലി രാജിവെച്ച് വീട്ടിൽ ഇരിക്കുക ,വീട്ടിൽ നിന്നോ പരിചയമുള്ള സ്ഥലങ്ങളിൽ നിന്നോ ഭക്ഷണം കഴിക്കാതിരിക്കുക എന്നിങ്ങനെ പല പ്രതിരോധ മാർഗങ്ങളും ഇവർ ആവിഷ്കരിക്കാറുണ്ട്. അപൂർവമായി സംശയസാഹചര്യങ്ങളിൽ നിന്നും രക്ഷ നേടുന്നതിനായി തന്നെ ഉപദ്രവിക്കുന്നു എന്ന് സംശയിക്കപ്പെടുന്ന വ്യക്തിയെ കൊലപാതകം ചെയ്യുന്ന സാഹചര്യവും ഉണ്ടാവാറുണ്ട്. ഇത്തരം രോഗികൾ നേരിട്ട് മനോരോഗ വിദഗ്ധനെ കണ്ട് ചികിത്സ സ്വീകരിക്കുക എന്നത് അതീവ ദുഷ്കരമാണ്. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങൾ നമ്മുടെ ചുറ്റുപാടിൽ ആർക്കെങ്കിലും നിരീക്ഷിക്കപ്പെടുന്നെങ്കിൽ അത് ഒരു രോഗാവസ്ഥയാണ് എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകേണ്ടത് അഭികാമ്യമാണ്. മനോരോഗ വിദഗ്ധൻറെ മേൽനോട്ടത്തിൽ ഉള്ള ചിട്ടയായ ചികിത്സയിലൂടെ രോഗിയെ പൂർവ്വ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്താവുന്നതേയുള്ളൂ.