JUST REMEMBER THAT ❕
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് ഓരോ 4 കുടുംബങ്ങളെ എടുക്കുമ്പോഴും അതിൽ ഒരു കുടുംബത്തിൽ ചുരുങ്ങിയത് ഒരാൾക്കെങ്കിലും ഏതെങ്കിലും മാനസികരോഗം ഉള്ളതായി കാണപ്പെടുന്നു. മാനസികരോഗങ്ങൾ ഉൾപ്പെടെയുള്ള അസുഖങ്ങൾ കൊണ്ട് വ്യക്തികൾക്ക് അവരുടെ സ്വകാര്യ ജീവിതവും സാമൂഹിക ജീവിതവും തൊഴിൽ മേഖലയിലെ സംഭാവനകളും താറുമാറാക്കുന്ന അവസ്ഥയുടെ ആഴവും പരപ്പും എളുപ്പത്തിൽ അളന്നെടുക്കാൻ ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ച ഒരു മാപിനിയാണ് DALY അഥവാ Disability Adjusted Life Year. ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തും ലോകബാങ്കും ചേർന്നുള്ള സഹകരണത്തിലൂടെയാണ് ഇത് വികസിപ്പിച്ചെടുത്തത്. രോഗങ്ങൾ മൂലവും അകാല മരണങ്ങൾ മൂലവും സമൂഹത്തിൽ വ്യക്തികളുടെ നൈപുണ്യ സംഭാവനകളിൽ വന്നിട്ടുള്ള നഷ്ടങ്ങൾ കണക്കാക്കി അതിലൂടെ രോഗങ്ങൾ സൃഷ്ടിക്കുന്ന ഭാരങ്ങളും ബാധ്യതകളും കൃത്യമായി കണക്കാക്കാൻ DALY സഹായിക്കുന്നു. 1990 ൽ മെൻറൽ ആൻഡ് ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് മൂലമുള്ള DALY 10.5 % ആയിരുന്നെങ്കിൽ 2000 ത്തിൽ വെറും വിഷാദരോഗവും മദ്യപാനരോഗവും മാത്രം DALY 12.3 % ആക്കി തീർത്തു. 2030 ആകുമ്പോഴേക്കും WHO യുടെ കണക്ക് പ്രകാരം മെൻറൽ ആൻഡ് ന്യൂറോളജിക്കൽ ഡിസോഡർ മൂലമുള്ള DALY ലോകത്താകമാനം 14.4% എന്ന ഗൗരവതരമായ അവസ്ഥയിലേക്ക് എത്തുന്നതാണ്. അസുഖം നേരത്തെ തന്നെ കണ്ടെത്തി ശാസ്ത്രീയ ചികിത്സ ലഭ്യമാക്കേണ്ടതും തുടർചികിത്സ ഉറപ്പു വരുത്തേണ്ടതും അനിവാര്യമാണെന്ന് ഇത് നമ്മെ ഓർമ്മപ്പെടുത്തുന്നു.