എല്ലാ മാനസികാരോഗ്യ പ്രശ്നങ്ങൾക്കും കൗൺസിലിംഗ് മതി എന്ന് ചിന്തിക്കുന്ന ഒരു വിഭാഗം ആളുകളും നമുക്കിടയിൽ ഉണ്ട്. താരതമ്യേന ലഘു മാനസികാരോഗ്യ പ്രശ്നങ്ങളിൽ മനശാസ്ത്ര ചികിത്സയിലൂടെ തന്നെ നമുക്ക് ഗണ്യമായ പുരോഗതി ലഭിക്കുന്നതാണ്. അതുപോലെ വേറെ ഒരു വലിയ വിഭാഗം അസുഖങ്ങളിൽ മരുന്നു ചികിത്സയോടൊപ്പം നിർണായകമായ പങ്ക് വഹിക്കാൻ മനഃശാസ്ത്ര ചികിത്സയ്ക്ക് സാധിക്കും. എന്നാൽ ഗുരുതര മാനസികാരോഗ്യ പ്രശ്നങ്ങളിൽ മരുന്ന് ചികിത്സയെ മാറ്റിനിർത്തിക്കൊണ്ട് ഒരു മാറ്റം നമുക്ക് ചിന്തിക്കാൻപോലും കഴിയുകയില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ ഏതുതരത്തിലുള്ള ചികിത്സയാണ് ഒരാൾക്ക് വേണ്ടത് എന്ന് നാം ഒരു മനശാസ്ത്രജ്ഞനേയോ അല്ലെങ്കിൽ മനോരോഗ വിദഗ്ധനെയോ സമീപിച്ചു കഴിഞ്ഞാൽ ശാസ്ത്രീയമായ രോഗനിർണയത്തിലൂടെ അവർ നിർദ്ദേശിക്കുന്നതാണ്.

മനഃശാസ്ത്ര ചികിത്സയ്ക്ക് പൊതുവേ സ്വീകാര്യത വർധിച്ചുവരുന്ന നല്ലൊരു പ്രവണത ഇന്ന് കാണപ്പെടുന്നുണ്ട്. അതേസമയം ചികിത്സയുടെ മറ്റൊരു ഭാഗമായ മരുന്നുകളെ പറ്റിയുള്ള തെറ്റിദ്ധാരണകൾ ആണ് ഒരു പ്രധാന വെല്ലുവിളിയായി നിലനിൽക്കുന്നത്. പാർശ്വഫലങ്ങളെ പർവ്വതീകരിച്ച് കാണുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഞരമ്പുകളെ തളർത്തുന്നു, കിഡ്നിയെയും കരളിനെയും തകരാർ ആക്കുന്നു, അഡിക്ഷൻ ഉണ്ടാക്കുന്നു, തുടങ്ങിയാൽ പിന്നെ ഒരിക്കലും നിർത്താൻ പറ്റില്ല എന്നിങ്ങനെ പോകുന്നു ആ വേവലാതികൾ. കനത്ത വില നൽകേണ്ടി വരുന്ന തെറ്റിദ്ധാരണകൾ ആണ് ഇതെല്ലാം. ഇങ്ങനെയുള്ള ധാരണകൾ മൂലം രോഗത്തിൻറെ തുടക്കത്തിൽ പലപ്പോഴും കൃത്യമായ ചികിത്സ അവർക്ക് ലഭിക്കുന്നില്ല. സ്വാഭാവികമായും വൈകിയുള്ള ചികിത്സ കൂടുതൽ ദുഷ്കരമാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പതിറ്റാണ്ടുകൾക്കു മുമ്പുള്ള മരുന്നുകൾക്ക് കൂടുതൽ പാർശ്വഫലങ്ങൾ ഉണ്ടായിരുന്നുഎങ്കിലും; ഇന്നു വിപണിയിലുള്ള മാനസികരോഗ ഔഷധങ്ങൾ എല്ലാം താരതമ്യേന പാർശ്വഫലങ്ങൾ കുറഞ്ഞതും വളരെയധികം ഫലപ്രാപ്തി നൽകുന്നവയുമാണ്. അതുകൊണ്ടുതന്നെ മരുന്നുകളെ കുറിച്ചുള്ള മുൻവിധി മാറേണ്ടതും മാറ്റേണ്ടതുമാണ്.