അടിമത്തത്തിൽ നിന്ന് എങ്ങനെ മോചിപ്പിക്കാം?
ലഹരി വസ്തുക്കൾക്ക് അടിമയായ വ്യക്തികളെ കൃത്യമായ ചികിത്സയിലൂടെ അതിൽ നിന്ന് മോചിപ്പിക്കാൻ സാധിക്കും. മദ്യമോ ബ്രൗൺ ഷുഗറോ പോലുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവർക്ക് അത് നിർത്തുമ്പോൾ കഠിനമായ പിൻവാങ്ങൽ ലക്ഷണങ്ങൾ ഉണ്ടാകുമെന്നതിനാൽ ഒരു സൈക്യാട്രിസ്റ്റിനെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം വിഷ മുക്തി ചികിത്സ (Detoxification treatment) നൽകേണ്ടതുണ്ട്. ആശുപത്രിയിൽ കിടത്തി ഉള്ള 7 ദിവസം മുതൽ 10 ദിവസം വരെ നീണ്ടുനിൽക്കുന്ന ഈ ചികിത്സയിലൂടെ ഉറക്കക്കുറവ്, പിൻവാങ്ങൽ ലക്ഷണങ്ങൾ പെരുമാറ്റ പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ നിയന്ത്രണ വിധേയമാക്കാൻ സാധിക്കും. തുടർന്ന് ആറുമാസം മുതൽ ഒൻപതു മാസം വരെ നീണ്ടുനിൽക്കുന്ന വീണ്ടും അടിമത്തത്തിലേക്ക് പോകാതെ പ്രതിരോധിക്കുന്ന ചികിത്സയും (Relapse prevention treatment) ആവശ്യമാണ്. മരുന്നുകൾക്കും കൗൺസിലിങ്ങിനും കുടുംബാംഗങ്ങൾക്കുള്ള പരിശീലനത്തിനും ഇവിടെ പ്രധാന സ്ഥാനമുണ്ട്.
അതുപോലെതന്നെ ഇൻറർനെറ്റ് പോലെയുള്ള സ്വഭാവ സംബന്ധമായ അടിമത്തം ഉള്ളവരെയും രോഗത്തിൻറെ തീവ്രതയനുസരിച്ച് കിടത്തി ചികിത്സ ആയോ അല്ലാതെയോ സൈക്യാട്രിസ്റ്റിെൻനേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന് സമാന രീതിയിലുള്ള ചികിത്സയിലൂടെ മോചിപ്പിച്ച് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കുന്നതാണ്. മരുന്നു ചികിത്സയും പെരുമാറ്റ ചികിത്സയും ആവശ്യാനുസരണം ഇതിനായി ഉപയോഗിക്കപ്പെടുന്നു. പ്രതികൂല സാഹചര്യങ്ങൾ മാറ്റുന്നതിനുള്ള കുടുംബാംഗങ്ങളുടെ പിന്തുണയും ഇവിടെ അനിവാര്യമാണ്.