ചില കുട്ടികളിലും കൗമാരക്കാരിലും കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട ഒരുരോഗാവസ്ഥയാണ് പെരുമാറ്റദൂഷ്യം(Conduct Disorder). സ്വഭാവ ദൂഷ്യ രോഗത്തെക്കുറിച്ച് പറയുന്നതിന് മുമ്പ് സ്വഭാവം എന്നാൽ എന്ത് എന്ന് പരിശോധിക്കാം. തൻറെ പ്രായത്തിലുള്ള ഒരു സംഘത്തിന് ഉള്ളിൽ ഒരു വ്യക്തിയുടെ സമൂഹം അംഗീകരിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളെയും പെരുമാറ്റ രീതികളെയും ആണ്സ്വഭാവം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ സമൂഹത്തിലെ നിയമസംഹിതകൾ ക്ക് നിരക്കാത്തതായി തുടർച്ചയായി കണ്ടുവരുന്ന അസാധാരണമായ പെരുമാറ്റത്തെ ആണ് സ്വഭാവദൂഷ്യം രോഗം എന്നു വിളിക്കുന്നത്. ഇളം പ്രായക്കാരുടെ കുസൃതി യോ കേവലം വാശിയോ ഇതിൽ പെടുന്നില്ല. കളവു പറയൽ ,മോഷണം ,ഒളിച്ചോടൽ ,മനുഷ്യർക്കും മൃഗങ്ങൾക്കും നേരെ അക്രമം കാട്ടുക,മറ്റുകുട്ടികളെ ഭീഷണിയിലൂടെ ലൈംഗിക വൈകൃതങ്ങൾക്ക് പ്രേരിപ്പിക്കുക ,രാത്രിയിൽ വീടുവിട്ടു ഇറങ്ങുക ,സ്കൂളിൽ പോകുന്നതിനു ഉള്ള കടുത്ത മടി, മദ്യത്തിൻറെ യും മയക്കുമരുന്നിൻറെയും ഉപയോഗം മുതലായവയാണ് ഈ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ. സാമൂഹിക മര്യാദകൾക്കും മറ്റുള്ളവരുടെ അവകാശങ്ങൾക്കും പുല്ലു വില കല്പ്പിക്കുന്നവരായിരിക്കും ഇത്തരക്കാർ.

സ്വഭാവ ദൂഷ്യ രോഗം പത്ത് വയസ്സിന് താഴെയുള്ള വരിലും (എ.ഡി.എച്ച്.ഡി.യോടുകൂടി ഉള്ള സ്വഭാവ ദൂഷ്യവും ആവാം) കണ്ടുവരാറുണ്ട്. ജനിതക പരവും മനഃശാസ്ത്രപരവുമായ കാരണങ്ങൾ ഇതിന് ഹേതു ആകുന്നു. സ്വഭാവ ദൂഷ്യ രോഗം പരിഹരിക്കാൻ ചിട്ടയോടു കൂടിയ ചികിത്സാരീതി അനിവാര്യമാണ്. ഇതിൽ മനശാസ്ത്ര ചികിത്സ ,ഔഷധ ചികിത്സ, കുടുംബത്തിൻറെ പിന്തുണ എന്നിവയെല്ലാം കോർത്തിണക്കി ഒരു വിദഗ്ധ സംഘത്തിൻറെ കീഴിൽ ശാസ്ത്രീയ ചികിത്സ അവലംബിക്കേണ്ടതുണ്ട്.