സ്കൂൾ ഫോബിയ (School Phobia)
സ്കൂൾ ഫോബിയ അല്ലെങ്കിൽ സ്കൂളിൽ പോകാനുള്ള മടി എന്നീ വാക്കുകൾ ചില കുട്ടികളിൽ കണ്ടുവരുന്ന യുക്തിരഹിതവും സ്ഥിരവുമായ സ്കൂളിനെ ചുറ്റിപ്പറ്റിയുള്ള പേടിയെ സൂചിപ്പിക്കുന്നു. അഡ്ലൈഡ് ജോൺസൺ 1941ൽ ഈ പ്രശ്നത്തെക്കുറിച്ച് വിശദീകരിച്ചതിനുശേഷം നിരവധി പഠനങ്ങൾ ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്. സ്കൂൾ ഫോബിയകാരെയും പഠിക്കാൻ താൽപര്യമില്ലാതെ പഠനം ഉപേക്ഷിച്ചു പോകുന്നവരെയും ഒരേ ഗണത്തിൽ പെടുത്താൻ ആകില്ല. സ്കൂൾ ഫോബിയ ക്കാരെ രക്ഷിതാക്കളും അദ്ധ്യാപകരും നല്ലവണ്ണം ശ്രദ്ധിക്കണം. കാരണം ഇവർ മിക്കപ്പോഴും ആകാംക്ഷാഭരിതരും പെട്ടെന്ന് വികാരങ്ങൾക്ക് അടിമപ്പെടുന്നവരും ആയിരിക്കും. സ്കൂൾ ഫോബിയ പ്രശ്നമുള്ള കുട്ടികൾ സ്കൂളിൽ പോകുന്നതിനെ പറ്റി ചിന്തിക്കുമ്പോൾ തന്നെ പരിഭ്രാന്തിയും ശാരീരിക അസ്വാസ്ഥ്യങ്ങളും പ്രകടിപ്പിക്കാറുണ്ട്.
സ്കൂൾ ഭയമുള്ള കുട്ടികളിൽ നടത്തിയ ഒരു പഠനത്തിൽ 59% ശതമാനം പേർ 5 മുതൽ 7 വരെ പ്രായമുള്ള വരും, 32% പേർ 8 മുതൽ 10 വരെ പ്രായമുള്ളവരും 9% പേർ 11 വയസ്സോ അതിനുമുകളിലോ പ്രായമുള്ളവരും ആണെന്നും കാണുന്നുണ്ട്. ഇക്കൂട്ടരുടെ രക്ഷിതാക്കൾ മിക്കപ്പോഴും വളരെ സ്നേഹവും ശ്രദ്ധയുള്ളവരും ആയിരിക്കുമെങ്കിലും അവർ തങ്ങളുടെ കുട്ടികളുടെ സുരക്ഷയെപ്പറ്റി സാധാരണയിൽ കൂടുതലായി ചിന്തിക്കുന്നവരാണ്. രക്ഷിതാക്കളുടെ ഈ സ്വഭാവം കാരണം ചില കുട്ടികൾക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ട് സ്കൂൾ ജീവിതവുമായി പൊരുത്തപ്പെടാൻ ആകാതെ വരുന്നു. ഏറ്റവും ഇളയ കുട്ടികളിലും, സഹോദരങ്ങൾ ഇല്ലാത്ത ഒറ്റ കുട്ടികളിലും, ഗുരുതരമായ ശാരീരിക രോഗം ഉള്ളവരിലും ആണ് സ്കൂൾ ഫോബിയ ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. സ്കൂൾ ഫോബിയയുടെ കാരണങ്ങളും പരിഹാരമാർഗങ്ങളും തുടർന്ന് ചർച്ചചെയ്യാം.