സൈക്കോട്ടിക് ഡിപ്രഷൻ (Psychotic Depression)
നേരത്തെ വിവരിച്ച വിഷാദരോഗത്തിലെ സാധാരണ ലക്ഷണങ്ങൾക്കു പുറമേ അല്പം വ്യത്യസ്തമായ ഒരു സ്ഥിതി വിശേഷമാണ് സൈക്കോട്ടിക് ഡിപ്രഷനിൽ കാണുന്നത്. ഒരു ദിവസം മനോരോഗ ഒ.പിയിൽ ഒരു സംഘം ആളുകൾ വെപ്രാളപ്പെട്ട് കൊണ്ട് ട്രോളിയിൽ ഒരു 25 വയസ്സുള്ള യുവതിയെയും കൊണ്ടുവരുന്നു. ഒരു തരത്തിലുള്ള പ്രതികരണവും ഇല്ലാതെ അനങ്ങാപ്പാറ പോലെ അവൾ കിടക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പ് ക്ഷീണം ആണെന്നു കരുതി ഒരു ജനറൽ പ്രാക്ടീഷണറെ കാണിച്ചിരുന്നു എന്നും കുഴപ്പമൊന്നുമില്ല ശരിയായിക്കൊള്ളും എന്ന ഡോക്ടറുടെ ആശ്വാസവാക്ക് കേട്ട് തിരികെ വീട്ടിൽ എത്തി എന്നും കൂടെ വന്നവർ പറഞ്ഞു. രണ്ടുദിവസമായി അനക്കമില്ലാതെ ഒരേ കിടപ്പ് തുടരുകയാണെന്നും ബലപ്രയോഗത്തിലൂടെ അല്പം ദ്രവരൂപത്തിലുള്ള ആഹാരങ്ങൾ പണിപ്പെട്ട് നൽകുകയാണെന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു. ചലിക്കാതെ ചോദ്യങ്ങൾക്കു മറുപടി ഇല്ലാതെയുള്ള ഈ അവസ്ഥ വിഷാദ രോഗത്തിൽ ചിലപ്പോൾ കാണാറുള്ള “Stupor”എന്ന അവസ്ഥയാണെന്ന് സൈക്യാട്രിസ്റ്റ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ കുട്ടി തനിക്ക് ശരീരത്തിന് കാര്യമായ എന്തോ തകരാറുള്ളതായി സംശയങ്ങൾ ഉന്നയിക്കുമായിരുന്നു. മാത്രമല്ല താൻ ഈ ലോകത്ത് നിന്ന് ഇല്ലാതായി കൊണ്ടിരിക്കുകയാണെന്നും മറ്റുള്ളവർ തന്നെക്കുറിച്ച് അടക്കം പറയുകയും കളിയാക്കുകയും ചെയ്യുന്നുണ്ടെന്നും പറഞ്ഞ് അസ്വസ്ഥആവാറുണ്ടായിരുന്നു എന്നും അറിയാൻ സാധിച്ചു. ഉറക്കക്കുറവും വിശപ്പില്ലായ്മയും ഉൾപ്പെടെയുള്ള വിഷാദരോഗ ലക്ഷണങ്ങൾക്കു പുറമേ മേൽപ്പറഞ്ഞ അവസ്ഥാവിശേഷം കൂടി കടന്നുവരുമ്പോൾ അതിനെ സൈക്കോട്ടിക് ഡിപ്രഷൻ എന്നാണ് വിളിക്കുന്നത്. ഏകദേശം ഒന്നര ആഴ്ചത്തെ കിടത്തി ചികിത്സയിലൂടെ രോഗി സൈക്കോട്ടിക് ലക്ഷണങ്ങളിൽ നിന്നും പുറത്തു വരികയും പിന്നീട് ഒ.പിവഴിയുള്ള തുടർചികിത്സ നിർദേശിച്ച് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. സാധാരണ വിഷാദരോഗത്തെകാൾ സങ്കീർണതകൾ ഉള്ള, എന്നാൽ യഥാവിധി ചികിൽസിച്ചാൽ ഭേദമാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.