ആധുനിക കാലഘട്ടത്തിൽ വിദ്യാഭ്യാസ കാലയളവ് കഴിഞ്ഞാലും പരീക്ഷകൾ അവസാനിക്കുന്നില്ല. മത്സരാധിഷ്ഠിത സമകാലിക സമൂഹത്തിൽ ജോലി ലഭിക്കണമെങ്കിലും ഉദ്യോഗ കയറ്റം കിട്ടണമെങ്കിലും പരീക്ഷകളെ നേരിടേണ്ടതുണ്ട്. സർക്കാർ മേഖലകളിൽ ആണെങ്കിൽ പി .എസ് .സി, യു .പി .എസ് .സി പരീക്ഷകളും സ്വകാര്യ മേഖലകളിൽ തനതായ പരീക്ഷകളും ഒരു സാധാരണ വ്യക്തിക്ക് ബാലികേറാമലയായി മാറിയിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് പരീക്ഷകളെ നേരിടാതെ ജീവിതത്തെ അഭിമുഖീകരിക്കാൻ കഴിയുകയില്ല എന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ ഓരോ വിദ്യാർത്ഥിയെയും പരീക്ഷയെ നിർഭയം നേരിടുന്നതിന് ചെറുപ്രായത്തിലെ തന്നെ പരിശീലിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പരീക്ഷകളെ മികച്ച രീതിയിൽ അഭിമുഖീകരിക്കണം എങ്കിൽ വിദ്യാർത്ഥികളോടൊപ്പം മാതാപിതാക്കൾക്കും അധ്യാപകർക്കും തങ്ങളുടെതായ പങ്കു വഹിക്കാൻ ഉണ്ട്. മൂവരുടേയും ഉത്തരവാദിത്വങ്ങളും പങ്കും എന്തൊക്കെയാണെന്ന് വിശദമായി അടുത്ത പോസ്റ്റുകളിലൂടെ വ്യക്തമാക്കാം.

കുട്ടികളുടെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും ഒത്തൊരുമയോടു കൂടിയുള്ള പരിശ്രമം ഭയവും ഉത്കണ്ഠയും മാറ്റി പരീക്ഷകളെ ആസ്വാദ്യകരമായ ഒരു അനുഭവമാക്കി മാറ്റാൻ നമുക്ക് സാധിക്കും. ആരോഗ്യകരമായ മത്സരബുദ്ധിയും വ്യക്തിത്വ വികാസവും നമ്മുടെ പാഠ്യ പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെടേണ്ട ഉപോൽപ്പന്നങ്ങൾ കൂടിയാണ്. മാത്രമല്ല ഇപ്രകാരം നേടുന്ന ഉന്നത വിജയം ഉന്നത വിദ്യാഭ്യാസം നേടാനും മാന്യമായ ജോലി നേടിതരാനും സർവോപരി ഉന്നത വ്യക്തിത്വമുള്ള ഭാവി തലമുറയെ വാർത്തെടുക്കാനും സഹായിക്കുന്നു.