മനോരോഗ ചികിത്സയുടെ അവിഭാജ്യ ഘടകമാണ് രോഗികളുടെ പുനരധിവാസം. ഔഷധ ചികിത്സ രോഗലക്ഷണങ്ങളിൽ നിന്നും വ്യക്തിക്ക് മോചനം നൽകുമ്പോൾ പുനരധിവാസം വിള്ളൽ സംഭവിച്ചിട്ടുള്ള സാമൂഹ്യജീവിതത്തെ വിളക്കി ചേർക്കുന്നതിന് സഹായിക്കുന്നു. മാനസികരോഗങ്ങൾ പിടിപെടുമ്പോൾ ഒട്ടുമിക്ക വ്യക്തികളുടെയും വ്യക്തി ജീവിതത്തെയും, സാമൂഹ്യ ജീവിതത്തെയും, തൊഴിൽ മേഖലയെയും അത് പ്രതികൂലമായി ബാധിക്കുന്നു. അങ്ങനെ അനുദിനം സങ്കീർണ്ണമായി കൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തിൽ അവർ ഒറ്റപ്പെടുന്നു.

ചെറിയ പ്രായത്തിലേ മാനസികരോഗങ്ങൾ പിടിപെടുമ്പോൾ ആ വ്യക്തിക്ക് ജീവിക്കാൻ ആവശ്യമായ കഴിവുകൾ ആർജ്ജിക്കാൻ കഴിയാതെ പോകുന്നു. ചില വ്യക്തികളിൽ ആണെങ്കിൽ ആർജ്ജിച്ച കഴിവുകൾ രോഗം മൂലം ഉപയോഗിക്കാതെ ശോഷിച്ചു പോകുന്നു. ഇങ്ങനെയുള്ള വ്യക്തികൾക്ക് അവർക്ക് വൈകല്യങ്ങൾ ഇല്ലാതിരുന്നെങ്കിൽ സാധ്യമാകുമായിരുന്ന സാധാരണ ജീവിതത്തിലേക്ക് പരമാവധി കൊണ്ടുവരാൻ സഹായിക്കുന്ന ചിട്ടയായ പരിശീലനങ്ങളെയാണ് പുനരധിവാസം (Rehabilitation) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

അടിസ്ഥാന ജീവിത സാഹചര്യങ്ങൾക്ക് പുറമേ ശാരീരിക അസുഖങ്ങൾക്കുള്ള ചികിത്സ, മനോരോഗങ്ങൾക്കുള്ള ചികിത്സ, തൊഴിൽ പരിശീലനം, വിനോദത്തിനും വ്യായാമത്തിനും ഉള്ള കാര്യങ്ങൾ, സാമൂഹ്യ സമ്പർക്കം മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനം തുടങ്ങിയവയെല്ലാം പുനരധിവാസത്തിൽ പരിപാകമായി ഉൾപ്പെടുത്തിയിട്ടുണ്ട്.