പഠിച്ചത് ഓർമിക്കുവാൻ ചില ടെക്നിക്കുകൾ.
ഇന്നലെ പഠിച്ചതെല്ലാം ഇന്നേക്ക് മറന്നുപോയെന്ന് പറയുന്നവരുണ്ട്. ആശയങ്ങൾ ഗ്രഹിച്ച് മനസ്സിൽ അരക്കിട്ടുറപ്പികാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. പഠിക്കുന്നത് എന്തും അർത്ഥപൂർണ്ണമായി മനസ്സിൽ ഉറപ്പിക്കാൻ ശ്രമിക്കണം. ഓർമ്മിക്കാൻ ഉള്ള സൂത്രങ്ങൾ അഥവാ Mnemonics വഴിയും ഇത് സാധിക്കും. ഉദാഹരണത്തിന് Vibgyor എന്ന പദം കൊണ്ട് പ്രകാശത്തിലെ ഏഴു നിറങ്ങൾ അവയുടെ തരംഗദൈർഘ്യക്രമത്തിൽ ഓർമിക്കുവാൻ നമുക്ക് കഴിയുന്നു. ഇത്തരം സൂത്രങ്ങൾ നമുക്ക് തന്നെ ഉണ്ടാക്കാം. അല്പം പ്രാസവും താളവും ഒക്കെ ഉണ്ടെങ്കിൽ ഓർമിക്കാൻ എളുപ്പമാകും.
ഒരു കാര്യം വായിച്ചാൽ ഉടൻ നമുക്ക് ഓർമ്മയുണ്ടാവും. ഹ്രസ്വകാലഓർമ്മയെ ദീർഘകാല ഓർമ്മയായി പരിവർത്തനം ചെയ്യുന്നതാണ് പഠനത്തിലെ വെല്ലുവിളി. അതിന് പല മാർഗങ്ങളുണ്ട്.
* അതീവ ഏകാഗ്രതയോടുകൂടി പഠിക്കുക.
* പഠിച്ചത് യുക്തിപൂർവ്വം മനസ്സിൽ പതിപ്പിക്കുക.
* മൊത്തം പാഠഭാഗം ഓടിച്ചു നോക്കിയിട്ട് ചെറു ഘടകങ്ങളിലേക്ക് നീങ്ങുക. ആദ്യം പാഠപുസ്തകം മുഴുവൻ മറിച്ചു നോക്കുക. പിന്നീട് അദ്ധ്യായങ്ങൾ, തുടർന്ന് ആദ്യത്തെ അദ്ധ്യായം, എന്നിട്ട് അതിൻറെ തുടക്കം എന്ന മട്ടിൽ വായിക്കുക. നാം എങ്ങോട്ട് പോകുന്നു എന്ന് അറിഞ്ഞു പഠിക്കുമ്പോൾ യുക്തിപൂർവ്വം കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും.
* മുന്നറിവുമായി പുതിയ അറിവിനെ ബന്ധിപ്പിക്കുക.
* ഏറെ വിഷമമാണ് പാഠഭാഗം എന്നു തോന്നിയാൽ അത് പഠിപ്പിച്ചു നോക്കുക.അതായത് നിങ്ങളുടെ മുന്നിൽ കുട്ടികൾ ഇരിക്കുന്നു എന്ന് സങ്കൽപ്പിച്ച് അവരെ പഠിപ്പിക്കാൻ ശ്രമിക്കുക.
* ആവർത്തിച്ചു വായിക്കുക.