പഠനം എങ്ങനെ സുഗമമാക്കാം?
പഠനം സുഗമമാക്കുന്നതിലൂടെ പഠിതാക്കളുടെ സമ്മർദ്ദത്തെ ഗണ്യമായി കുറച്ചുകൊണ്ടുവരാൻ കഴിയും. എൻറെ മകൻ എന്നും വെളുപ്പിന് നാലുമണിക്ക് എഴുന്നേറ്റ് പഠിക്കും, എൻറെ മകൾ നിത്യവും അർദ്ധരാത്രി വരെ പഠിക്കും എന്ന മട്ടിൽ അഭിമാനപൂർവ്വം പറയുന്ന രക്ഷിതാക്കൾ നമുക്ക് ചുറ്റിലും കാണുവാൻ കഴിയും. എന്നാൽ പഠിക്കുമ്പോൾ കാര്യക്ഷമമായ ശൈലികൾ സ്വീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് പ്രസക്തിയുള്ളത്. പല രക്ഷിതാക്കളും കുട്ടികളോട് പഠിക്ക്, പഠിക്ക് എന്ന് ആവർത്തിക്കും. പക്ഷേ എങ്ങനെയാണ് പഠിക്കേണ്ടത് എന്ന് പറഞ്ഞെന്ന് വരില്ല.
അധ്യയനവർഷത്തിലെ ആരംഭത്തിൽ തന്നെ ലക്ഷ്യത്തെപ്പറ്റി നാം ചിന്തിക്കണം. ലക്ഷ്യം എന്നതിന് സ്വല്പം വിശദീകരണം വേണം. ഉദാഹരണത്തിന് നിങ്ങൾ ഒമ്പതിലോ, പത്തിലോ പഠിക്കുന്ന കുട്ടിയാണെന്നു കരുതുക. നിങ്ങളുടെ ദീർഘകാല ലക്ഷ്യം എഞ്ചിനീയറോ, കളക്ടറോ, അധ്യാപകനോ, ഡോക്ടറോ ആവുകയായിരിക്കും. ഈ ദീർഘകാല ലക്ഷ്യം നേടണമെങ്കിൽ പല ഹ്രസ്വകാല ലക്ഷ്യങ്ങളും നേടി ക്രമത്തിൽ മുന്നേറേണ്ടതുണ്ട്. ഇപ്പോൾ പഠിക്കുന്ന ക്ലാസിൽ മികച്ച വിജയം കൈവരിക്കുകയുംഅതോടൊപ്പം ദീർഘകാലം പ്രയോജനപ്പെടുന്ന ഭാഷാ സാമർത്ഥ്യവും പൊതുവിജ്ഞാനവും വ്യക്തിത്വവൈഭവങ്ങളും നിരന്തരം ആർജ്ജിക്കുക എന്നതായിരിക്കണം ഇവിടെഹ്രസ്വകാല ലക്ഷ്യങ്ങൾ.
ഉയർന്ന ക്ലാസുകളിലേക്ക് വരുമ്പോൾ പല കാരണങ്ങളാലും അധ്യാപകർക്ക് സിലബസ് മുഴുവൻ പഠിപ്പിച്ച്തീർക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായേക്കാം. അതുകൊണ്ടുതന്നെ കാലേക്കൂട്ടി സ്വയം പഠനം നടത്തുകയും ക്ലാസ് റൂം അധ്യാപനം വഴി നേരത്തെ പഠിച്ച പാഠങ്ങൾ മനസ്സിൽ ഉറപ്പിക്കുകയും ചെയ്യുക എന്ന രീതി പഠനം മെച്ചപ്പെടുത്തും. സിലബസും പാഠപുസ്തകങ്ങളും മുൻവർഷങ്ങളിലെ ചോദ്യക്കടലാസുകളും കൃത്യമായി ഉപയോഗിച്ച് ഫലപ്രദമായി പഠനം മുന്നോട്ടു പോകുമ്പോൾ വിജയം സുനിശ്ചിതമാണ്.