ലോക ആരോഗ്യ സംഘടനയുടെ നിർവചനം അനുസരിച്ച് ആരോഗ്യം എന്നാൽ കേവലം രോഗങ്ങളുടെ അഭാവം മാത്രമല്ല, മറിച്ച് ശാരീരികവും മാനസികവും സാമൂഹികവുമായ സ്വസ്ഥത അനുഭവിക്കുന്ന അവസ്ഥയാണ്. ഈ ഒരു വീക്ഷണത്തിൽ മാനസികാരോഗ്യം എന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് എന്ന് മനസ്സിലാക്കാം. കാരണം മാനസികമായ സ്വസ്ഥതയും കൂടി അനുഭവിക്കുമ്പോൾ മാത്രമാണ് ഒരു വ്യക്തി പൂർണ്ണ ആരോഗ്യവാൻ ആകുന്നത്. സാഹചര്യങ്ങൾക്കനുസരിച്ച് വിചാരവികാരങ്ങൾ സന്തുലനം ചെയ്യാൻ സാധിക്കുന്ന വ്യക്തികൾക്ക് മാനസികാരോഗ്യം ഉണ്ടെന്ന് പറയാം.

നമ്മുടെ ചിന്തകളും വികാരങ്ങളും സ്വഭാവവുമെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഒന്നിൽ ഉണ്ടാവുന്ന താളപ്പിഴകൾ മറ്റുള്ളവയിലും പ്രതിഫലിക്കുന്നു. അതായത് നാം സന്തോഷത്തോടുകൂടി ഇരിക്കുമ്പോൾ നമ്മുടെ മനസ്സ് സഞ്ചരിക്കുന്ന വഴികളും നമ്മുടെ പെരുമാറ്റരീതികളും നാം ദുഃഖിതരായി ഇരിക്കുമ്പോൾ ഉള്ളതിൽനിന്നും തികച്ചും വിഭിന്നമായിരിക്കും.

മാനസിക ആരോഗ്യത്തോടുകൂടി ഇരിക്കുന്ന വ്യക്തിക്ക് മാത്രമേ സാഹചര്യങ്ങളിൽ ഉണ്ടാകുന്ന പ്രതികൂല ഘടകങ്ങളെ തരണം ചെയ്യാനും അതിനനുസരിച്ച് വിവേകത്തോടെ പെരുമാറാനും പറ്റുകയുള്ളൂ. മറ്റുള്ളവരെ അംഗീകരിക്കാനും, സാമൂഹ്യ മര്യാദകൾ പാലിക്കുവാനും, നിർണായകഘട്ടങ്ങളിൽ തീരുമാനങ്ങൾ എടുക്കുവാനും, സ്വന്തം പോരായ്മകൾ ഉൾക്കൊള്ളാനും, സ്വയം മതിപ്പ് നിലനിർത്താനും നമുക്കെല്ലാം മാനസികാരോഗ്യം കൂടിയേതീരൂ. ചുരുക്കത്തിൽ നാം മാനസികരോഗങ്ങൾ അനുഭവപ്പെടുമ്പോൾ ചികിത്സ തേടുന്നത് പോലെ തന്നെ പരമപ്രധാനമാണ് നമുക്കൊക്കെ മാനസികാരോഗ്യം ഉണ്ടോ എന്നുള്ള ഒരു ആത്മപരിശോധന നടത്തലും.