ദാ മനസ്സ് ഇവിടെയാണ്..
മാനസിക രോഗം എന്നു പറയുമ്പോൾ സ്വാഭാവികമായും മനസ്സിനെ സംബന്ധിക്കുന്ന അല്ലെങ്കിൽ ബാധിക്കുന്ന രോഗം എന്നാണ് പൊതുവേ ചിന്തിക്കുക. അപ്പോൾ സ്വാഭാവികമായും അടുത്ത ചോദ്യം മനസ്സ് എവിടെയാണ് നിലകൊള്ളുന്നത് എന്നതായിരിക്കും. സങ്കീർണ്ണമായ ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം ഒറ്റവാക്കിൽ പ്രതിപാദിക്കാൻ ആവില്ല. അതുകൊണ്ടുതന്നെ ഹൃദ്രോഗത്തെ പറ്റിയോ ശ്വാസകോശ രോഗത്തെ പറ്റിയോ ഉള്ള വിശദീകരണം പോലെ ഈ വിഷയത്തിൽ അല്പം ക്ലേശകരമാണ്. എങ്കിലും മനുഷ്യൻറെ വിചാര വികാരങ്ങളെയും ഒപ്പം പ്രവർത്തനങ്ങളെയും തലച്ചോറിൻറെ വിവിധ ഭാഗങ്ങളുമായി ബന്ധപ്പെടുത്തി മനസ്സിലാക്കാനും പഠിക്കാനും നൂതന പരിശോധന മാർഗ്ഗങ്ങളിലൂടെ (CT, MRI, PET) ഗവേഷകർക്കു സാധിച്ചിട്ടുണ്ട്. ഇതിൽ നിന്നും മനോരോഗങ്ങൾക്ക് തലച്ചോറുമായുള്ള വ്യക്തമായ ബന്ധം സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹൃദ്രോഗത്തെ പോലെയും കരൾ രോഗത്തെ പോലെയും ശ്വാസകോശ രോഗത്തെ പോലെയും മാനസിക രോഗങ്ങളെയും പരിഗണിച്ചുകൊണ്ട് സ്പഷ്ടമായി ചികിത്സിക്കാവുന്നതാണ്.
ചുരുക്കിപ്പറഞ്ഞാൽ മസ്തിഷ്കത്തിലെ പ്രവർത്തനങ്ങളിൽ ഉണ്ടാവുന്ന താളപ്പിഴകളാണ് മാനസിക അസുഖങ്ങൾക്ക് കാരണം എന്ന് ശാസ്ത്രീയമായി കണ്ടെത്തപ്പെട്ടിട്ടുണ്ട്. അതിനാൽ ആധുനിക ശാസ്ത്രലോകം മാനസിക രോഗങ്ങളെ മസ്തിഷ്ക ക്രമക്കേട് (Brain Disorder) എന്ന നിലയിലാണ് മുന്നോട്ടുവയ്ക്കുന്നത്. ഇതിൽ നിന്നും നമ്മുടെ ശരീരത്തിൽ മനസ്സ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന് മനസ്സിലാക്കാമല്ലോ?