ശാസ്ത്രീയമായ പഠനങ്ങൾ കാണിക്കുന്നത് ഒരു ആത്മഹത്യ നടക്കുമ്പോൾ അതിൻറെ 20 ഇരട്ടി ആത്മഹത്യാശ്രമങ്ങൾ നടക്കുന്നു എന്നാണ്. അങ്ങനെ നാം നോക്കുകയാണെങ്കിൽ 2023 ൽ കേരളത്തിൽ 10972 ആത്മഹത്യകളും അതിൻറെ 20 ഇരട്ടിയായ 219000ൽ പരം ആത്മഹത്യ ശ്രമങ്ങളും നടന്നിട്ടുണ്ടാകണം. കേരളം പോലുള്ള ജനപ്പെരുപ്പമുള്ളതും വിദഗ്ധ ചികിത്സാ സൗകര്യമുള്ള നിരവധി ആശുപത്രികൾ ഉള്ളതുമായ ഒരു സംസ്ഥാനത്ത് ആത്മഹത്യാശ്രമങ്ങൾ മറ്റുള്ളവർ കണ്ടെത്തി കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്നതിനാൽ ആവാം മരണനിരക്ക് കുറച്ചെങ്കിലും കുറയുന്നത്. അല്ലെങ്കിൽ ഒരുപക്ഷേ അത് ആത്മഹത്യയുടെ എണ്ണത്തിൽ കുറച്ചുകൂടി വർദ്ധനവ് ഉണ്ടാക്കിയേക്കാം എന്ന് നാം വിസ്മരിച്ചുകൂടാ.

കേരളത്തിൽ പ്രതിദിനം 30 ആത്മഹത്യകളും 600 ആത്മഹത്യാശ്രമങ്ങളും നടക്കുന്നതായി കണക്കുകൾ ചൂണ്ടിക്കാണിക്കുമ്പോൾ നമ്മുടെ ആരോഗ്യരംഗത്തെ ഒരു പ്രധാന വെല്ലുവിളി തന്നെയാണ് ഇത്. കാരണം ആത്മഹത്യ ചെയ്ത വ്യക്തികളുടെയും ആത്മഹത്യാശ്രമങ്ങൾ നടത്തുന്ന വ്യക്തികളുടെയും മാനസികാവസ്ഥയിൽ വലിയ വ്യത്യാസങ്ങൾ ഒന്നുമില്ല എന്നത് തന്നെ. അതുകൊണ്ടുതന്നെ ആത്മഹത്യ പ്രതിരോധത്തിൽ ശക്തമായ മുന്നേറ്റം ഇനിയും നാം നടത്തേണ്ടതുണ്ട്.