ലഹരി അടിമത്തമാണെങ്കിലും സ്വഭാവ സംബന്ധമായ അടിമത്തം ആണെങ്കിലും അവ ഉണ്ടാവാൻ ചില കാരണങ്ങളുണ്ട്. തലച്ചോറിൽ മസ്തിഷ്ക കോശങ്ങൾക്ക് ഇടയിൽ ഡോപമിൻ എന്നൊരു രാസവസ്തു നിലനിൽക്കുന്നുണ്ട്. ഈ ഡോപ്പമിൻ ആണ് നമുക്ക് ഉത്സാഹവും ഉന്മേഷവും ആഹ്ലാദവും പകരുന്ന മസ്തിഷ്ക രാസവസ്തു. സാധാരണഗതിയിൽ വ്യായാമം ചെയ്യുക, സംഗീതം കേൾക്കുക, ചിത്രം വരയ്ക്കുക, സിനിമ കാണുക, സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുക തുടങ്ങിയ ആരോഗ്യകരമായ പ്രവർത്തനങ്ങൾ വഴി ഡോപമിൻ അളവ് കൂടുകയും അത് നമുക്ക് സന്തോഷം തരികയും ചെയ്യും. പക്ഷേ മദ്യമോ മറ്റു ലഹരി വസ്തുക്കളോ ഉപയോഗിക്കുമ്പോഴും ഇൻറർനെറ്റും മൊബൈലും ദീർഘനേരം ഉപയോഗിക്കുമ്പോഴും വ്യക്തികളിൽ ഡോപമിൻറെ അളവിൽ അമിതമായ വർദ്ധനവ് ഉണ്ടാകുന്നതായി കാണുന്നു.

എന്നാൽ ഒരുപാട് സമയം ഇൻറർനെറ്റ് ഉപയോഗിക്കുകയോ കൂടുതൽ അളവ് ലഹരിവസ്തുക്കൾ ഉപയോഗിക്കുകയോ ചെയ്താൽ ഡോപമിൻ അളവ് ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ട്. ഇത് മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചിത്തഭ്രമം, ഉറക്കക്കുറവ്, അക്രമസ്വഭാവം, ആത്മഹത്യ പ്രവണത തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളൊക്കെ ഇത്തരക്കാരിൽ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്.

ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരിൽ ഏതു ലഹരി വസ്തുവാണോ ഉപയോഗിക്കുന്നത് എന്നതിനനുസരിച്ച് പ്രശ്നങ്ങൾ പ്രത്യക്ഷപ്പെടും. കഞ്ചാവ്, LSD, MDMA തുടങ്ങിയ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരിൽ കടുത്ത ചിത്തഭ്രമത്തിൻ്റെ ലക്ഷണങ്ങൾ ആയ മിഥയാ വിശ്വാസങ്ങൾ, മിഥയാനുഭവങ്ങൾ, അക്രമവാസന ഇവയൊക്കെ ഉണ്ടാകാൻ സാധ്യതയുണ്ട്.

മദ്യവും ബ്രൗൺ ഷുഗറും പോലുള്ള പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന വ്യക്തികളിൽ കടുത്ത അടിമത്തം ഉണ്ടാകുകയും ഈ ലഹരി വസ്തുക്കൾ കിട്ടാതെ വരുമ്പോൾ ഉറക്കക്കുറവ്, വിറയൽ, വെപ്രാളം, കഠിനമായ ശരീരവേദന, അപസ്മാരം, സ്ഥലകാലബോധം ഇല്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും.