അത്യപൂർവ്വം വീടുകളിൽ എങ്കിലും അവനവനോട് മാത്രം സ്നേഹമുള്ള ചില  അച്ഛനമ്മമാർ ഉണ്ടായേക്കും. മറ്റുള്ളവരുടെ വികാരങ്ങളെ തിരിച്ചറിയാനോ, അതിന് വില കൽപ്പിക്കാനോ ഇവർക്കു കഴിയാറില്ല. സ്വന്തം കഴിവിലോ സൗന്ദര്യത്തിലോ ബുദ്ധിശക്തിയിലോ പരിധിവിട്ട് അഭിമാനിക്കുന്ന ഇവർക്ക് മറ്റുള്ളവരെല്ലാം തന്നെ ആരാധിക്കണം എന്നും അംഗീകരിക്കണമെന്നും നിർബന്ധം ഉണ്ടാകും. തൻറെ കുട്ടികൾ തന്നെ ആരാധിച്ച് തൻറെ നിർദ്ദേശങ്ങൾ ശിരസാവഹിച്ചു കഴിയണം എന്ന ചിന്തയാകും ഇവർക്കുള്ളത്.

തൻറെ സ്തുതിപാടകർ ആയി കൂടെ നിൽക്കണം എന്നതിലുപരി ഒരു വൈകാരികമായ അടുപ്പവും ഇവർക്ക് കുട്ടികളോടോ ജീവിത പങ്കാളിയോടോ ഉണ്ടാകുകയുമില്ല. ഈ ഒരു അവസ്ഥാ വിശേഷമാണ് ആത്മാനുരാഗ രക്ഷാകർതൃത്വം എന്നറിയപ്പെടുന്നത്.

ചെറു പ്രായത്തിൽ കുട്ടികൾക്ക് അച്ഛനമ്മമാരോട് നല്ല രീതിയിലുള്ള ആരാധന ഉണ്ടാകാമെങ്കിലും ക്രമേണ ആത്മാനുരാഗ വ്യക്തിത്വ വൈകല്യം കുട്ടികളുടെ മുന്നിൽ അനാവൃതമാകുന്നു. അപ്പോൾ തങ്ങൾക്ക് തെല്ലും വിലകൽപ്പിക്കാത്ത മാതാപിതാക്കളെ കുട്ടികൾ ക്രമേണ വെറുത്തു തുടങ്ങുന്നു. ഈ വെറുപ്പ് തർക്കുത്തരം പറച്ചിൽ ആയും അനുസരണക്കേട് ആയും ഒക്കെ പ്രകടിപ്പിക്കുന്നതോടെ അതിനെ അടിച്ചമർത്താനുള്ള രക്ഷിതാക്കളുടെ ശ്രമങ്ങളും ഇവിടെ ശക്തമാകും. കുട്ടികൾക്ക് പ്രായപൂർത്തിയാകുന്നതോടെ രണ്ടു തലമുറകൾ തമ്മിലുള്ള സംഘട്ടനത്തിലേക്ക് ആയിരിക്കും ഇതുവഴി തെളിയിക്കുന്നത്.