അസൂയയും ഒരു രോഗമാണോ ഡോക്ടർ??
പത്തുവയസ്സുകാരി അനീഷ തൻറെ ആറു വയസ്സുള്ള അനിയത്തിയെ കൊല്ലുവാൻ ശ്രമിച്ചു എന്ന കാരണത്താൽ മാതാപിതാക്കൾ അവളെ മനഃശാസ്ത്രജ്ഞൻ്റെ അടുത്തെത്തിക്കുന്നു. കൂടുതൽ ആകർഷകത്വവും അനുസരണയും ബുദ്ധിശക്തിയും ഉള്ള ഇളയ മകളെ മാതാപിതാക്കൾ കൂടുതലായി ശ്രദ്ധിച്ചത് ആണ് അസൂയക്ക് കാരണമായിത്തീർന്നത് എന്ന് മനശാസ്ത്രപരമായ നിരീക്ഷണത്തിൽ കണ്ടുപിടിക്കുവാൻ സാധിച്ചു. Sibling Rivalry എന്ന ഒരു അവസ്ഥയാണിത്.
ഇഷ്ടപ്പെടുന്ന വസ്തുവോ വ്യക്തിയെയോ അധികാരമോ ഉടമസ്ഥതയോ നേടിയെടുക്കുന്നതിനുള്ള പരിശ്രമങ്ങളെ തടസ്സപ്പെടുത്തുവാൻ ശ്രമിക്കുമ്പോൾ ഉളവാക്കുന്ന അസുഖകരമായ അവസ്ഥയാണ് അസൂയ. ആത്മവിശ്വാസക്കുറവ്, മാനഹാനി, ഒളിപ്പിച്ചു വെക്കൽ, ലജ്ജ എന്നിവയും ഇതോടൊപ്പം കാണപ്പെടുന്നു. കുട്ടികളിൽ പലപ്പോഴും കാണപ്പെടുന്ന ഈ അവസ്ഥ പരസ്പര മത്സരം ഉണ്ടാവുമ്പോൾ കൂടുതൽ പ്രകടമാവുന്നു. മൂന്നു വയസ്സിനു താഴെയുള്ള 20-40% കുട്ടികളിൽ ഇത് കണ്ടു വരുമ്പോൾ 16 വയസ്സിന് മുകളിലുള്ള 3% പേരിൽ മാത്രമേ ഇതു കാണപ്പെടുന്നുള്ളൂ. പെൺകുട്ടികളിൽ ഈ അവസ്ഥ 2-3 മടങ്ങ് കൂടുതലായി കാണപ്പെടുന്നു. സ്വാർത്ഥതയും കലഹപ്രിയ വും അസൂയക്കാരുടെ മുഖ്യ ലക്ഷണങ്ങളാണ്.
മാതാപിതാക്കൾ കുട്ടികളോടുള്ള മനോഭാവം പുനരവലോകനം ചെയ്യുകയും സാധ്യമെങ്കിൽ തിരുത്തുകയും ചെയ്യുക എന്നുള്ളതാണ് ചികിത്സയിലെ ആദ്യപടി. മറ്റൊരു ചികിത്സ കുട്ടിയെ കേന്ദ്രീകരിച്ചുള്ളതാണ്. ഇവിടെ തന്നിലെ വിദ്വേഷങ്ങൾ പുറത്തേക്ക് പ്രകടിപ്പിക്കുവാൻ കളികളിലൂടെ ഉള്ള അഭിമുഖ സംഭാഷണങ്ങളിലൂടെ കുട്ടിക്ക് അവസരം നൽകപ്പെടുന്നു. മാതാപിതാക്കളോടും ഇളയ കുട്ടിയോടും ഉള്ള ബന്ധം മെച്ചപ്പെടുത്താൻ ഇത് സഹായകരമാണ്. പുതുതായി കുടുംബത്തിലേക്ക് കടന്നു വരുന്ന കുഞ്ഞിനെ സ്വീകരിക്കുന്നതിനായി കുട്ടിയെ തയ്യാറാക്കുന്നതും പുതിയ കുഞ്ഞിനെ പരിപാലിക്കുന്നതിൽ കുട്ടിയെ അവൻ്റെ പ്രായം അനുസരിച്ചു പങ്കാളിയാക്കുന്നതും പരസ്പര മത്സരം തടയുവാൻ സഹായിക്കും.