ഭക്ഷണം കഴിക്കുന്നതിലെ വൈകല്യങ്ങളിൽ പെട്ട ഒന്നാണ് അയവിറക്കൽ രോഗം. കുട്ടി ജനിച്ച് ഏകദേശം മൂന്നുമാസത്തിനും ഒരു വയസ്സിനും ഇടയിൽ തുടങ്ങുന്ന ഈ രോഗം അപൂർവമാണ്. മുതിർന്ന കുട്ടികളിലും കൗമാരക്കാരിലും മുതിർന്നവരിലും ഈ രോഗം അത്യപൂർവ്വവും ആണ്. ആമാശയം, കുടൽ എന്നിവ സംബന്ധിച്ച രോഗങ്ങളുടെയും നേരത്തെ വിവരിച്ച Anorexia Nervosa, Bulimia Nervosa എന്നീ അസുഖങ്ങളുടെ അഭാവത്തിലും മാത്രമേ ഈ രോഗം സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ.

കുട്ടി ചുരുങ്ങിയത് ഒരു മാസകാലയളവിൽ കഴിച്ച ഭക്ഷണം ആവർത്തിച്ച് തിരികെ വായിലേക്ക് കൊണ്ടുവരുകയും ശേഷം അതിനെ വീണ്ടും വിഴുങ്ങുകയോ, ചവക്കുകയോ, തുപ്പികളയുകയോ ചെയ്യുന്ന ഒരു അവസ്ഥയാണിത്. ഒരുപക്ഷേ ഇത് തനിയെ വിട്ടു മാറുകയോ പോഷകക്കുറവിലേക്ക് നയിക്കുകയോ ചെയ്യാം. അതേസമയം ബുദ്ധിമാന്ദ്യമോ മറ്റ് മാനസിക അസുഖങ്ങളോ ഉള്ള സാഹചര്യത്തിൽ ഈ അസുഖം കടന്നുവരുമ്പോൾ സ്ഥിതി കുറച്ച് ഗുരുതരമായിരിക്കും.

ചികിത്സ:-

* ആമാശയത്തിലോ ചെറുകുടലിലോ ജന്മനാ ഉള്ള തടസ്സങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തുക.

* പോഷകാഹാരകുറവിനാലുള്ള അപകടങ്ങൾ തടയുന്നതിനുള്ള പ്രതിരോധ ചികിത്സ.

* കൂടെ കൂടെ ഭക്ഷണം നൽകൽ(പെരുമാറ്റ ചികിത്സയുടെ ഭാഗമായി കൃത്യമായ മേൽനോട്ടത്തിൽ), കുട്ടിയെ പ്രത്യേകിച്ചും അമ്മ തന്നെ പരിപാലിക്കൽ, കുട്ടിയുമൊത്ത് ഉള്ള കളികൾ എന്നിവ വിജയകരമാണ്.

* അമ്മയും കുഞ്ഞും തമ്മിലുള്ള പെരുമാറ്റം നിരീക്ഷിക്കുകയും തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ മാതാവിന് പെരുമാറ്റചികിത്സ(Behavioural Therapy) നൽകേണ്ടതുമാണ്.