നമുക്കു ചുറ്റും കണ്ണോടിച്ചാൽ കാണുവാൻ കഴിയുന്ന ഒരു കാര്യമാണ് ചില രക്ഷിതാക്കൾ കുട്ടികളുടെ മനസ്സ് ഒട്ടും വേദനിക്കരുത് എന്നു കരുതി കൊണ്ടാണ് അവരെ വളർത്തുന്നത്. ചിലരാവട്ടെ കുട്ടികളുടെ കണ്ണ് ഒരിക്കലും നിറയാൻ പാടില്ല എന്ന നിർബന്ധബുദ്ധി കാണിക്കാറുണ്ട്. ഇത്തരത്തിൽ കുട്ടികൾക്ക് അമിതമായ വൈകാരിക സംരക്ഷണം നൽകുന്ന രീതിയെ ബന്ധാത്മക രക്ഷാകർതൃത്വം (Attachment parenting) എന്നാണ് വിളിക്കുന്നത്. ഈ രീതിയിൽ വളരുന്ന കുട്ടികൾക്ക് രക്ഷിതാക്കളോട് നല്ല ആത്മബന്ധം ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ ഇവർക്ക് തിരിച്ചടികൾ നേരിടാൻ പ്രയാസമുണ്ടാകും.

മിക്ക കാര്യങ്ങൾക്കും രക്ഷിതാക്കളെ ആശ്രയിക്കുന്ന ഒരു അവസ്ഥയിലേക്ക് ഈ കുട്ടികൾ എത്തിയേക്കും. സ്വതന്ത്രമായി ജീവിത സാഹചര്യങ്ങളെ നേരിടാൻ ഇക്കൂട്ടർക്ക് പ്രയാസം ഏറും. അച്ഛനമ്മമാരുമായുള്ള അമിതമായ ആത്മബന്ധം കുട്ടികളുടെ വിവാഹ ജീവിതത്തിൽ പോലും പ്രതിസന്ധികൾ ഉണ്ടാക്കും. ഈ രീതിയിൽ വളർന്ന കുട്ടികൾ പിൽക്കാലത്ത് ജീവിത പങ്കാളിയുമായുള്ള ചെറിയ വിഷയങ്ങൾ പോലും മാതാപിതാക്കളോട് പങ്കുവെക്കും എന്നതാണ് പ്രശ്നം. ജോലിയിലുള്ള കാര്യങ്ങളും മാതാപിതാക്കളോട് ചോദിച്ചിട്ടു മാത്രമേ ചെയ്യുകയുള്ളൂ എന്നത് ജോലിസ്ഥലത്തും സാരമായ പ്രശ്നങ്ങൾക്ക് ഇടവരുത്തും. ചുരുക്കിപ്പറഞ്ഞാൽ ഈയൊരു പാരൻറിംഗ് ശൈലി ഗുണത്തേക്കാളേറെ ദോഷങ്ങളാണ് സൃഷ്ടിക്കുന്നത്.