സംശയങ്ങൾ എല്ലാം രോഗാവസ്ഥയല്ല. എന്നാൽ നിത്യജീവിതത്തിലെ സമ്പവ്യമായ കാര്യങ്ങളോട് അനുബന്ധിച്ചചില മിഥ്യാധാരണകളെയാണ് സംശയരോഗമായി പരിഗണിക്കുന്നത്. ജീവിതപങ്കാളിയുടെ ചാരിത്ര്യത്തിലുള്ള സംശയം, മറ്റുള്ളവർ തന്നെ ഉപദ്രവിക്കാനും കൊല്ലാനും ശ്രമിക്കുന്നു എന്ന തോന്നൽ, തനിക്ക് ഗുരുതരമായ എന്തോ രോഗം ഉണ്ട് എന്ന് തോന്നൽ, തനിക്ക് പ്രത്യേക കഴിവും സിദ്ധിയും ഉണ്ടെന്നഅടിയുറച്ച വിശ്വാസം തുടങ്ങിയ പലവിധത്തിലുള്ള അവസ്ഥകളും ഈ രോഗത്തിൽ കാണപ്പെടാറുണ്ട്. സംശയത്തിന്റെ ഭാഗം മാറ്റിനിർത്തിയാൽ ദൈനംദിന ജീവിതത്തിൽ മറ്റെല്ലാ കാര്യങ്ങളിലും തികച്ചും സ്വാഭാവികമായി രോഗി ഇടപെടുന്നതിനാൽ ഇത് ഒരു രോഗാവസ്ഥയായി അത്ര പെട്ടെന്ന് സാധാരണക്കാർക്ക് മനസ്സിലാകണമെന്നില്ല. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഈ ഒരു അസുഖത്തെ തിരിച്ചറിയാനും യഥാവിധി ചികിത്സിച്ചു ഭേദമാക്കാനും മാനസികാരോഗ്യ മേഖലയിൽ ഉള്ളവരുടെ വിദഗ്ധസഹായം അത്യാവശ്യമാണ്. ഇത്തരം ഒരു സാഹചര്യം നാം സംശയിക്കുമ്പോൾ വിദഗ്ധ സഹായം തേടൽ അഭികാമ്യമാണ്.