ശ്രദ്ധക്കുറവിന് കൊടുക്കാം അല്പം ശ്രദ്ധ
നമ്മുടെ വളർച്ചയിലെ നിർണായക കാലഘട്ടം ആണല്ലോ കുട്ടിക്കാലം. കുട്ടികളിൽ കാണപ്പെടുന്ന മാനസിക പ്രശ്നങ്ങളിലെ പ്രധാനപ്പെട്ട ഒന്നാണ് എ .ഡി .എച്ച് .ഡി.ശ്രദ്ധക്കുറവ് ,അമിത പിരുപിരിപ്പ്( അടങ്ങി ഇരിക്കായ്മ), എടുത്തുചാട്ടം എന്നിവയാണ് എ.ഡി. എച്ച് .ഡി (Attention Deficit Hyperactivity Disorder)എന്ന് വിളിക്കുന്ന ഈ വൈകല്യത്തിന്റെ മുഖ്യ ലക്ഷണങ്ങൾ. കുട്ടികളിലെ പല പഠന-പെരുമാറ്റ പ്രശ്നങ്ങളും വിലയിരുത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് ഈ ഒരു വൈകല്യത്തിന്റെ ലക്ഷണങ്ങൾ അവരിൽ ഉണ്ടോ എന്നുള്ളത്. 17 വയസ്സിനു മുമ്പ് ചുരുങ്ങിയത് ആറുമാസകാലയളവ് എങ്കിലും തുടർച്ചയായി ഇത്തരത്തിലുള്ള പ്രത്യേകതകൾ കാണപ്പെടുകയാണെങ്കിൽ രോഗം എഡി എച്ച് ഡി ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുട്ടികളുമായി കൂടുതൽ സമയം സമ്പർക്കത്തിൽ ഏർപ്പെടുന്നവർ എന്ന നിലയിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഈ വക കാര്യങ്ങളെക്കുറിച്ചുള്ള ജ്ഞാനം അഭികാമ്യമാണ്. യഥാവിധി ചികിത്സ അവലംബിക്കാതിരുന്നാൽ എ.ഡി. എച്ച് .ഡി പെരുമാറ്റ ദൂഷ്യ രോഗത്തിലേക്കും സാമൂഹ്യവിരുദ്ധ വ്യക്തിത്വം രൂപീകരിക്കപ്പെടുന്ന തിലേക്കും നയിച്ചേക്കാവുന്നതാണ്. പെരുമാറ്റ ചികിത്സയും ആവശ്യമെങ്കിൽ ഔഷധ ചികിത്സയും ലഭ്യമാക്കുമ്പോൾ എ .ഡി .എച്ച് .ഡി മാറ്റിയെടുക്കാവുന്നതേയുള്ളൂ.