സമൂഹം വിഷാദരോഗത്തെ പലപ്പോഴും തെറ്റിദ്ധാരണയോട് കൂടി കാണുന്ന സാഹചര്യങ്ങളും വിരളമല്ല. തൊഴിൽ മേഖലയിലെ നിരന്തര അവധിക്കാരിൽ ഗണ്യമായ ഒരു വിഭാഗം വിഷാദരോഗക്കാരാണെന്ന് കാണാം. ഇവരിൽ ഉൾവലിയൽ, ശ്രദ്ധക്കുറവ്, താത്പര്യക്കുറവ്, ഓർമ്മക്കുറവ് എന്നിവയാൽ പലപ്പോഴും അവഹേളിക്കപ്പെടുകയും കൃത്യമായി അവധിക്ക് അപേക്ഷിക്കുന്നതിന് പോലും അലംഭാവം കാണിക്കുന്നതിന് കാരണമായിത്തീരുകയും ചെയ്യുന്നു. കൂടെയുള്ള ചിലരാവട്ടെ മടി എന്നും കഴിവുകേട് എന്നും ഒക്കെ പറഞ്ഞ് പരിഹാസ വാക്കുകൾ ചൊരിയുന്നു. രോഗപീഡകൾക്കു പുറമേ അപഹാസ്യരായി തീരുകയും ചെയ്യുമ്പോൾ രോഗികളുടെ ആത്മരോദനം ശക്തമാകുന്നു. ചില വിഷാദരോഗികൾ ആവട്ടെ അൽപം സമാധാനം തേടി മദ്യത്തെ കൂട്ടുപിടിക്കുന്നു. മദ്യത്തിൻറെ അളവ് ക്രമേണ കൂടി വരികയും ഒടുവിൽ മദ്യപാനാസക്തി രൂപം കൊള്ളുകയും ചെയ്യുന്നു. ഇവിടെ സമൂഹം ഇവരെ മദ്യപാനികളായി മുദ്രകുത്തുന്നു. അതോടെ ഇതിനെല്ലാം അടിസ്ഥാനമായ വിഷാദരോഗം സത്യത്തിൽ തിരിച്ചറിയപ്പെടാതെ പോകുന്നു.

മദ്യം ഉൾപ്പെടെയുള്ള ലഹരികൾ ക്കടിമപെടുന്ന വരിൽ ഏകദേശം മൂന്നിൽ ഒന്നുപേർ വിഷാദരോഗികൾ ആണ്. കൂടാതെ പുകച്ചിൽ, മരവിപ്പ്, കടച്ചിൽ തുടങ്ങിയ അവ്യക്തമായ രോഗലക്ഷണങ്ങളും ആയി ആശുപത്രികൾ നിരന്തരം കയറിയിറങ്ങുന്ന ഒരു വിഭാഗവും ഉണ്ട്. ഇത്തരക്കാർക്ക് താൽക്കാലിക രോഗശമനം ഉണ്ടാവുമെങ്കിലും ഇത് ആവർത്തിച്ചു കൊണ്ടേയിരിക്കും. ഇവിടെയും ഗണ്യമായ ഒരു വിഭാഗം വിഷാദരോഗികൾ ആണ് എന്ന് പറയുമ്പോൾ മനസ്സിലാകും ഈ രോഗത്തിൻറെ വേഷപ്പകർച്ചയോട് കൂടിയുള്ള നിറഞ്ഞാട്ടം!