യു ആർ നോട്ട് ഫിറ്റ് ഫോർ ദിസ് ജോബ്…
ഏതൊരു ജോലിയും ഏറ്റെടുക്കുമ്പോൾ അത് ഭംഗിയായി നിർവഹിക്കാനും സാധിക്കണം. വിഷയം രക്ഷാകർതൃത്വം തന്നെയാണ്. ചില വീടുകളിൽ എങ്കിലും രക്ഷാകർത്താക്കളും കുട്ടികളും തമ്മിൽ കാര്യമായ ആശയവിനിമയം ഒന്നും ഉണ്ടാകാറില്ല. രക്ഷിതാക്കൾ അവരുടെ വഴിക്കും കുട്ടികൾ തന്നിഷ്ടപ്രകാരവും മുന്നോട്ടു പോകുന്ന ഈ വളർത്തു രീതിയെയാണ് അവഗണനാത്‌മക രക്ഷാകർതൃത്വം (Neglected Parenting) എന്നു പറയുന്നത്.
മദ്യപാൻമാരായ അച്ഛൻമാർ, ദുർന്നടപ്പുകാരായ അമ്മമാർ, അച്ഛനും അമ്മയും തമ്മിൽ പൊരുത്തക്കേട് തുടങ്ങിയവ നിലനിൽക്കുന്ന കുടുംബങ്ങളിൽ ഇത്തരം വളർത്തു രീതി ഉണ്ടാകാൻ സാധ്യത ഏറെയാണ്. സ്നേഹമില്ലാത്ത നിയന്ത്രണങ്ങളില്ലാത്ത ഒരു അന്തരീക്ഷമാണ് ഇവിടെ കാണാൻ കഴിയുക. അച്ചടക്കം എന്നത് കേട്ടുകേൾവിപോലുമില്ലാത്ത ഒരു അവസ്ഥ. വീട്ടിൽ ഒരു നിയന്ത്രണവും ഇല്ലാത്തതിനാൽ ലഭിക്കുന്ന സുഹൃത്തുക്കളുടെ സ്വാധീനം ഇവർക്കു മേൽ വളരെ പ്രകടമായിരിക്കും. മിക്കവാറും കൂട്ടുകാരുടെ സ്വാധീനത്തിൽ പെട്ട് വഴിതെറ്റി പോകാൻ ആയിരിക്കും ഇവരുടെ വിധി. സ്കൂളുകളിലും മറ്റു പൊതുസ്ഥലങ്ങളിലും അച്ചടക്കം പുലർത്തി ആത്മനിയന്ത്രണത്തോടെ നിലകൊള്ളുക എന്നത് ഇവർക്ക് ചിന്തിക്കാനേ കഴിയുകയില്ല. ഇനി രക്ഷിതാക്കളെ വിളിച്ചു വരുത്താൻ അധ്യാപകർ ശ്രമിച്ചാലും രക്ഷിതാക്കൾ അത് ഗൗരവത്തിൽ എടുക്കാത്തതിനാൽ കാര്യങ്ങളിൽ പുരോഗതി ഉണ്ടാവാനും സാധ്യതയില്ല.
ലഹരിവസ്തുക്കൾ, ലൈംഗികത, അക്രമസ്വഭാവം തുടങ്ങിയവയൊക്കെ പരീക്ഷിച്ചു നോക്കാനുള്ള പ്രവണത ഈ കുട്ടികളിൽ കൂടുതലായിരിക്കും. സംഘം ചേർന്ന് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഈ കുട്ടികൾക്ക് താൽപര്യം കൂടുതലായിരിക്കും. സാമൂഹ്യവിരുദ്ധ മനോഭാവമുള്ള വ്യക്തികളെ സൃഷ്ടിക്കുന്നതിൽ ഈയൊരു പാരൻറിംഗ് രീതിക്കു വലിയ പങ്കുണ്ട്.