ബുദ്ധിമാന്ദ്യത്തിന് ഉള്ള നിരവധി കാരണങ്ങൾ ശാസ്ത്രീയമായി കണ്ടെത്തപ്പെട്ടിട്ടുണ്ട്. ജനിച്ച് രണ്ട് വർഷത്തിനകം കുഞ്ഞിൻറെ തലച്ചോറിൻറെ വളർച്ചയുടെ എഴുപത്തിയഞ്ച് ശതമാനവും നടന്നു കഴിയും. അതിനാൽ കുട്ടിയുടെ ബുദ്ധി വികാസത്തിൽ ആദ്യത്തെ രണ്ടുവർഷം വളരെ പ്രധാനമാണ്. മറ്റൊരു പ്രധാന കാര്യം കുട്ടിയുടെ ബുദ്ധി വികാസത്തിലെ പ്രധാന നാഴികക്കല്ലുകൾ മാതാപിതാക്കൾ അറിഞ്ഞിരുന്നാൽ മാത്രമേ കുഞ്ഞിൻറെ ബുദ്ധിവികാസം പ്രായത്തിനനുസരിച്ച് നടക്കുന്നുണ്ടോ എന്നറിയാൻ കഴിയുകയുള്ളൂ. ഉദാഹരണമായി ഒന്നര വയസ്സു കഴിഞ്ഞിട്ടും കുട്ടി സംസാരിച്ചു തുടങ്ങുകയോ സംഭാഷണങ്ങളിൽ പ്രതികരിക്കുകയോ ചെയ്യുന്നില്ലെങ്കിൽ പരിശോധന അത്യാവശ്യമാണ്.

ബുദ്ധിമാന്ദ്യത്തിന് ഉള്ള കാരണങ്ങൾ.

* ജനിതക കാരണങ്ങൾ.

* പ്രസവത്തിന് മുമ്പും, പ്രസവസമയത്തും, അതിനുശേഷവും ഉണ്ടാകുന്ന പ്രശ്നങ്ങൾ.

* ഗർഭിണിയാകുമ്പോൾ അമ്മയ്ക്കുണ്ടാകുന്ന രക്തസമ്മർദം, പ്രമേഹം, വിളർച്ച, അഞ്ചാംപനി.

* മാസം തികയാതെയുള്ള പ്രസവം.

* തൂക്കക്കുറവ്.

* പ്രസവസമയത്ത് കുഞ്ഞിന് ആവശ്യത്തിനു പ്രാണവായു ലഭിക്കാതിരിക്കുക.

* ജനനസമയത്ത് ഉണ്ടാകുന്ന മെനിഞ്ചൈറ്റിസ് പോലുള്ള രോഗങ്ങൾ.

* തൈറോക്സിൻ മുതലായ ഹോർമോണുകളുടെ അപര്യാപ്തത.

* മെറ്റബോളിക് പ്രശ്നങ്ങൾ .

* അപസ്മാരം.

ജനിതക തകരാറുകളിൽ ഏറ്റവും സാധാരണയായത് ഡൗൺ സിൻഡ്രോം അഥവാ മംഗോളിസം എന്ന അവസ്ഥയാണ്. ലഘുവായ ബുദ്ധിമാന്ദ്യത്തിന് പ്രധാന കാരണം സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പിന്നോക്കാവസ്ഥയും പോഷകാഹാര കുറവും ആണ്.