പ്രത്യേക സാഹചര്യങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന മൂകത.(Selective Mutism)
മൂകത എന്നാൽ സംസാരത്തിൻറെ അഭാവമാണല്ലോ. സംസാരിക്കുകയും കാര്യങ്ങൾ ഗ്രഹിക്കുകയും ചെയ്യുന്ന ഒരു കുട്ടി ചില പ്രത്യേക സാമൂഹിക ചുറ്റുപാടുകളിൽ മാത്രം ചുരുങ്ങിയത് ഒരു മാസത്തേക്കെങ്കിലും സംസാരിക്കുവാൻ വിമുഖത കാണിക്കുന്നതാണ് സെലക്ടീവ് മ്യൂട്ടിസം. പൊതുവേ പെൺകുട്ടികളിൽ കൂടുതലായി കാണപ്പെടുന്ന ഈ രോഗം അപൂർവമാണ്. നാലു വയസ്സിനും എട്ടു വയസ്സിനും ഇടയിലുള്ള പ്രായത്തിൽ തുടങ്ങുന്ന ഇത്തരം മൂകത ഏതാനും ആഴ്ചകൾ കൊണ്ടോ മാസങ്ങൾ കൊണ്ടോ വിട്ടു മാറാറുണ്ട്. കുട്ടിക്കാലത്ത് യഥാവിധി ചികിത്സിച്ചില്ലെങ്കിൽ ഉത്കണ്ഠ കൂടുകയും ഒരുപക്ഷേ മുതിർന്ന പ്രായത്തിലും അനുഭവപ്പെടുകയും ചെയ്തേക്കാം. മാതാപിതാക്കളുടെ അമിത സംരക്ഷണം, ആശയ വിനിമയ വൈകല്യങ്ങൾ, ലജ്ജ, കുട്ടികളുടെ എതിർക്കുന്ന സ്വഭാവം എന്നിവയുമായി ഈ രോഗം ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തിഗത മനഃശാസ്ത്ര ചികിത്സയും, മാതാപിതാക്കൾക്കായി ഉള്ള കൗൺസിലിംഗും ആവശ്യമെങ്കിൽ ഔഷധ ചികിത്സയും ഈ രോഗത്തിന് പരിഹാരം നൽകുന്നു.