പ്രതിരോധം അല്ലേ പ്രതിവിധിയെക്കാൾ ഭേദം…
നമ്മളൊക്കെ കുട്ടികളിലെ പല പെരുമാറ്റ പ്രശ്നങ്ങളെക്കുറിച്ചും ആകുലപ്പെട്ടു നെട്ടോട്ടമോടുമ്പോൾ ചിന്തിക്കേണ്ട ചില വസ്തുതകളുണ്ട്. എങ്ങനെ വേണം നാം കുട്ടികളെ വളർത്താൻ? എന്തൊക്കെ കാര്യങ്ങളാണ് ഈ വിഷയത്തിൽ നാം ശ്രദ്ധിക്കേണ്ടത്? കുട്ടികളും രക്ഷിതാക്കളും തമ്മിൽ സാരമായ അഭിപ്രായവ്യത്യാസങ്ങളും കലഹങ്ങളും സാർവ്വത്രികമായി കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമായ ചോദ്യങ്ങളാണ് ഇവയൊക്കെ.
ലോകത്തിലെ ഏറ്റവും പ്രയാസമേറിയ ജോലി ഏതാണ് എന്ന് ചോദിച്ചാൽ മിക്കവാറും രക്ഷിതാക്കൾ പറയും കുട്ടികളെ വളർത്തുന്ന ജോലിയാണ് എന്ന്. പലർക്കും ഒരു ബാലികേറാമലയാണ് കുട്ടികളെ വളർത്തുക എന്ന കർമ്മം. എന്നാൽ ഈ ജോലി ഭംഗിയായി ചെയ്യാനായി കാര്യമായ പരിശീലനങ്ങൾ ഒന്നും ആർക്കും ലഭിക്കുന്നുമില്ല എന്നതാണ് ഏറെ ഖേദകരം.
ചില വീടുകളിൽ എങ്കിലും കുട്ടികളെ വളർത്തുമ്പോൾ നിയന്ത്രിതമായ സ്വാതന്ത്ര്യവും അതോടൊപ്പം അച്ചടക്കവും രക്ഷിതാക്കൾ നൽകാറുണ്ട്. സ്വന്തമായി കാര്യങ്ങൾ ചെയ്യാനും അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനും അവസരം നൽകുമ്പോൾ തന്നെ, ഇവിടെ പല കാര്യങ്ങളിലും അച്ചടക്കം ഉറപ്പുവരുത്താനും രക്ഷിതാക്കൾ ശ്രമിക്കുന്നു.
ഇത്തരത്തിൽ സ്വാതന്ത്ര്യവും അച്ചടക്കവും സമ്മേളിപ്പിച്ച് കൊണ്ടുള്ള വളർത്തൽ രീതിയെയാണ് ആധികാരിക രക്ഷാകർതൃത്വം (Authoritative Parenting) എന്നുവിളിക്കുന്നത്. നിരവധി രക്ഷാകർതൃത്വരീതികൾ ഉണ്ടെങ്കിലും ഇന്ന് ലഭ്യമായതിൽ ഏറ്റവും മികവാർന്നത് ആധികാരിക രക്ഷാകർതൃത്വം ആണെന്ന് നിസ്സംശയം പറയാം.