25 വയസുള്ള അവിവാഹിതനായ വിഷ്ണു ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. പ്രത്യേകിച്ച് യാതൊരു ശാരീരിക രോഗങ്ങളോ മറ്റു ടെന്ഷനുകളോ ഇല്ലാത്ത വിഷ്ണുവിന് പെട്ടെന്നാണത് സംഭവിച്ചത്. രാവിലെ ജോലിക്ക് പോകാനായി തിരക്കുള്ള ബസിൽ യാത്ര ചെയ്യുമ്പോൾ ശക്തമായ നെഞ്ചിടിപ്പും ശ്വാസം മുട്ടലും അനുഭവപ്പെട്ടു. ഇപ്പോൾ തന്നെ മരിച്ചുപോകും എന്ന പരിഭ്രാന്തി മൂലം വിഷ്ണു ഉടൻ തന്നെ ബസിൽ നിന്നിറങ്ങി ഒരു ഓട്ടോ വിളിച്ചു സമീപത്തുള്ള ആശുപത്രിയിലെ അത്യാസന്ന വിഭാഗത്തിൽ എത്തി. ഉടൻ തന്നെ രക്തം, മൂത്രം, ബ്ലഡ് ഷുഗർ,ഇസിജി എന്നിങ്ങനെ നിരവധി പരിശോധനകൾ ചെയ്യുകയും അതിലൊന്നും യാതൊരു പ്രശ്നവുമില്ല എന്ന് കാണുകയും ചെയ്തു. പ്രത്യേകിച്ച് ചികിത്സായൊന്നും ഇല്ലാതെ തന്നെ അല്പസമയങ്ങൾക്കുള്ളിൽ വിഷ്ണുവിന്റെ വെപ്രാളം മാറുകയും പേടിക്കാനൊന്നുമില്ല എന്ന ഡോക്ടറുടെ ആശ്വാസ വാക്കുകളോടെ തിരിച്ചു ജോലിക്ക് പോവുകയും ചെയ്തു. നിർഭാഗ്യമെന്നു പറയട്ടെ ഇത്തരത്തിലുള്ള ഭീതിജനകമായ അവസ്ഥ തുടരെ തുടരെ ഒരു മാസത്തിനുള്ളിൽ മൂന്നു- നാല് പ്രാവിശ്യം വിഷ്ണുവിന് അനുഭവപ്പെടുകയും തന്മൂലം പുറത്തു ഇറങ്ങാനുള്ള പേടി മൂലം ജോലി രാജി വെക്കേണ്ടതായും വന്നു. ഇത്തരം അവസ്ഥയാണ് പാനിക് അറ്റാക്ക് എന്ന് പറയുന്നത്.

പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങൾ:-

# കാരണം കൂടാതെ ഉള്ള ശക്തമായ ഹൃദയമിടിപ്പ്
# വിയർപ്പ്
# വിറയൽ
# ശ്വാസം കിട്ടുന്നില്ലെന്ന തോന്നൽ
# നെഞ്ചുവേദനയോ നെഞ്ചിലെ അസ്വസ്ഥതയോ
# വയറ്റിൽ കാളിച്ച, മനം പിരട്ടൽ
# തല ചുറ്റുന്നതു പോലെ ഉള്ള തോന്നൽ
# ചുറ്റുപാടുകളെ കുറിച്ചുള്ള ബോധം നഷ്ടമാവൽ
# നിയന്ത്രണം നഷ്ടപ്പെട്ടു ഭ്രാന്ത് പിടിക്കുകയാണെന്നുള്ള തോന്നൽ
# ഉടൻ മരിച്ചുപോകും എന്നുള്ള പേടി
# കൈകാലുകളിലും മറ്റു ശരീര ഭാഗങ്ങളിലും മരവിപ്പും ചൂടും വ്യാപിക്ക്ലും.

യഥാവിധി ശാസ്ത്രീയ ചികിത്സ എടുക്കാതിരിക്കുമ്പോൾ ജീവിതം പാനിക്അറ്റാക്ക് മൂലം ദുരിത പൂർണ്ണമാവും എന്നതിൽ സംശയമില്ല. അതേസമയം ഒരു സൈക്യാട്രിസ്റ്റിന്റെയും സൈക്കോളജിസ്റ്റ് െയും സഹായത്തോടെ മരുന്നു ചികിത്സയും പെരുമാറ്റ ചികിത്സയും അവലംബിക്കുമ്പോൾ ഏതാനും മാസങ്ങൾ കൊണ്ട് തന്നെ പാനി ക്അറ്റാക്കിൽ നിന്നും മുക്തിയും സാധ്യമാണ്.