പരീക്ഷ —വിദ്യാർത്ഥികളുടെ പങ്ക്…
ആത്മാർത്ഥമായ താൽപര്യം.
ഈ താൽപര്യം കുട്ടിയെ ഓരോ ദിവസവും ക്ലാസിൽ പഠിപ്പിച്ച കാര്യങ്ങൾ അന്നന്നു തന്നെ വീട്ടിൽ വന്ന് പഠിക്കാൻ പ്രേരിപ്പിക്കുന്നു. കൂടാതെ പരീക്ഷയോട് അടുക്കുന്ന ആഴ്ചകളിൽ ടിവി, പത്രം, മാഗസിൻ, വിനോദം എന്നിവയ്ക്കായി മാറ്റിവയ്ക്കുന്ന സമയം സാധാരണയേക്കാൾ നേർപകുതി മാത്രമാക്കാനും ശ്രദ്ധിക്കണം.
പഠനമുറിയുടെ ക്രമീകരണം.
പഠനമുറി തെരഞ്ഞെടുക്കേണ്ടത് നല്ല വായുവും വെളിച്ചവും ഉള്ള ശബ്ദ ശല്യം ഇല്ലാത്ത സ്ഥലത്തായിരിക്കണം. അതേസമയം രക്ഷിതാക്കളുടെ ശ്രദ്ധകൂടി എത്തുന്ന രീതിയിലും ആയിരിക്കണം. പഠിക്കാൻ വേണ്ട എല്ലാ പുസ്തകങ്ങളും അനുബന്ധ സാമഗ്രികളും പെട്ടെന്ന് എടുക്കാൻ പാകത്തിൽ ഈ മുറിയിൽ ക്രമീകരിക്കണം. പഠനമുറിയിൽ നിന്നും കഴിവതും കട്ടിൽ, കിടക്ക തുടങ്ങിയവ ഒഴിവാക്കേണ്ടതാണ്. ഇവ ഒരുപക്ഷേ അൽപം കിടക്കാനും ഒന്നു മയങ്ങാനും ഉള്ള പ്രവണത ചിലരിൽ ഉണ്ടാക്കിയേക്കാം.
പഠന സമയ ക്രമീകരണം.
താരതമ്യേന പ്രയാസമേറിയ വിഷയങ്ങൾ വായിച്ചാൽ പെട്ടെന്ന് മനസ്സിലാകുന്ന സമയത്തും ലളിതമായ വിഷയങ്ങൾ അല്ലാത്ത സമയങ്ങളിലും പഠിക്കാൻ ശ്രമിക്കുക. ചിലർക്ക് രാത്രി വൈകിയും പഠിക്കുന്നത് നന്നായി ഉൾക്കൊള്ളാൻ പറ്റും എന്ന് പറയാറുണ്ട്. എന്നാൽ ഭൂരിഭാഗം കുട്ടികൾക്കും രാത്രി നേരത്തെ കിടന്ന് അതിരാവിലെ എണീറ്റ് ഉള്ള പഠനമാണ് അഭികാമ്യമായി കാണാറുള്ളത്. ഭക്ഷണം കഴിച്ച ഉടനെ പഠിക്കരുത്. അൽപ്പസമയം കഴിഞ്ഞ് പഠിച്ചാൽ ഭക്ഷണം നന്നായി ദഹിക്കുന്നതിനും ഉത്സാഹത്തോടെ പഠിക്കുന്നതിനും സഹായിക്കുന്നു.
റിവിഷൻ.
പരീക്ഷയ്ക്ക് തൊട്ടുമുമ്പുള്ള ഒരാഴ്ച സമയം പാഠ്യവിഷയങ്ങൾ ഒരു ആവർത്തി വായിക്കാനായി മാറ്റിവെക്കണം.
ഉൽക്കണ്ഠാ നിവാരണം.
ഉൽക്കണ്ഠ കൂടുതലുള്ള കുട്ടികളെ യോഗ, റിലാക്സേഷൻ തെറാപ്പി തുടങ്ങിയവ ചെയ്യാൻ നേരത്തെ തന്നെ പരിശീലിപ്പിക്കേണ്ടത് ഉണ്ട്. പരീക്ഷയുടെ തലേദിവസം ഉറങ്ങുന്നതിന് മുമ്പ് പേന, പെൻസിൽ, ഹാൾടിക്കറ്റ്, വസ്ത്രങ്ങൾ എന്നിവ തയ്യാറാക്കി വെക്കുക. കൂടാതെ പരീക്ഷാ ദിവസം നേരത്തെ എഴുന്നേറ്റ് പ്രാഥമിക കർമങ്ങൾക്കു ശേഷം സാധാരണ ദിവസങ്ങളേക്കാൾ അരമണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരണം. വാഹനം കിട്ടാൻ വൈകുക, വാഹനം കേടാകുക തുടങ്ങി ഉൽക്കണ്ഠ കൂട്ടുന്ന കാര്യങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഇത് സഹായിക്കും.
കൂടാതെ നിശ്ചിത സമയത്തിനുള്ളിൽ തന്നെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതിക്കഴിഞ്ഞാൽ നേരത്തെ പരീക്ഷ ഹാളിൽ നിന്നും പുറത്തിറങ്ങാതിരിക്കാൻ വിദ്യാർഥികൾ ശ്രദ്ധിക്കണം. എഴുതിയ ഉത്തരങ്ങൾ തന്നെ വീണ്ടും വായിച്ച് എവിടെയെങ്കിലും തെറ്റു വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. പരീക്ഷ കഴിഞ്ഞാൽ കൂട്ടുകാരോട് കഴിഞ്ഞ പരീക്ഷയെക്കുറിച്ച് ചർച്ചചെയ്ത് ഉത്കണ്ഠ കൂട്ടുന്നതിനു പകരം അല്പസമയത്തെ വിശ്രമത്തിനു ശേഷം അടുത്ത ദിവസത്തെ പരീക്ഷയ്ക്ക് തയ്യാറെടുക്കുക.