പരീക്ഷയെ നേരിടാൻ പഠിക്കുന്നത് കുട്ടികളാണെങ്കിലും രക്ഷിതാക്കൾക്കും അനുകൂല സാഹചര്യം ഒരുക്കുന്നതിൽ വലിയ പങ്ക് നിർവഹിക്കാനുണ്ട്.

ആത്മവിശ്വാസം നൽകുക.
കുട്ടികളെ മറ്റുള്ളവരുടെ മുമ്പിൽ വെച്ച് കഴിവു കുറച്ചു സംസാരിക്കുന്നത് ആത്മവിശ്വാസം കുറയ്ക്കാൻ കാരണമാവുന്നു. അതുപോലെ മറ്റു കുട്ടികളുടെ പ്രകടനവുമായി താരതമ്യം ചെയ്യുന്നതും ഒഴിവാക്കേണ്ടതാണ്. മാത്രമല്ല അഭിനന്ദനവും പ്രോത്സാഹനവും കൊടുക്കേണ്ട സാഹചര്യങ്ങളിൽ ഒട്ടും പിശുക്ക് കാണിക്കുകയും അരുത്.

വൈകാരിക പിന്തുണ നൽകുക.
മാതാപിതാക്കളുടെ മാനസികമായ സ്വാന്തനം കുട്ടികൾക്ക് സമചിത്തതയോടെ പരീക്ഷയെ നേരിടുന്നതിന് സഹായിക്കുന്നു. കുട്ടികളെ വിഷമിപ്പിക്കാതിരിക്കാൻ മാതാപിതാക്കൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളും കുട്ടിയുടെ മുമ്പിൽവെച്ച് അവതരിപ്പിക്കാതെ രമ്യമായി പരിഹരിക്കാൻ ശ്രമിക്കണം.

സമ്മർദ്ദ തന്ത്രം വേണ്ട.
പരീക്ഷയ്ക്കു മാർക്ക് കുറഞ്ഞാൽ വഴക്ക് പറയും എന്നോ അടിക്കും എന്നോ മാതാപിതാക്കൾക്ക് മോശമാണെന്നോ പറഞ്ഞു കുട്ടിയുടെ മേൽ സമ്മർദ്ദം ഉണ്ടാക്കരുത്. അതുപോലെ മറ്റു കുട്ടികളേക്കാൾ മാർക്ക് കൂടുതൽ വാങ്ങിക്കണം എന്ന് പറഞ്ഞു കുട്ടിയെ സമ്മർദ്ദത്തിലാക്കരുത്. കുട്ടിയെ അവൻറെ കഴിവിനനുസരിച്ച് പഠിച്ചാൽ മതിയെന്ന് പറഞ്ഞു ഊർജ്ജം നൽകണം. കൂടുതൽ മാർക്ക് നേടിയാൽ വലിയ സമ്മാനങ്ങൾ നൽകാമെന്നും പറഞ്ഞു മോഹിപ്പിക്കുന്നതും ദോഷകരം തന്നെ.

ആരോഗ്യകരമായ ഭക്ഷണക്രമം.
കുട്ടിക്ക് ഉറക്കം വരാതെ ആരോഗ്യത്തോടെയും ഉന്മേഷത്തോടെ പഠിക്കാൻ പരീക്ഷാസമയത്ത് അമിതമായി ഭക്ഷണം കൊടുക്കാതെ സമീകൃത ആഹാരം കൊടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുന്നു എന്നും ഉറപ്പുവരുത്തേണ്ടതാണ്.

അമിത ഇടപെടൽ ഒഴിവാക്കുക.
ഓരോ പരീക്ഷ കഴിയുമ്പോഴും കുട്ടിയോട് പരീക്ഷയിലെ പ്രകടനത്തെ പറ്റി ചോദിച്ച് പേടിപ്പിക്കാതെ അടുത്ത പരീക്ഷയ്ക്ക് ധൈര്യമായി തയ്യാറെടുക്കുന്നതിന് സഹായിക്കുക. കൂടാതെ കുട്ടികൾക്ക് ശാന്തമായി പഠിക്കാൻ ടി.വിയുടെ ശല്യമോ മറ്റു കുട്ടികളുടെ ഇടപെടലുകളോ ഇല്ലാത്ത സുഗമമായ അന്തരീക്ഷം ഉണ്ടാക്കി കൊടുക്കുക.