പരീക്ഷ കേവലം വിദ്യാർഥികളുടെ പഠനനിലവാരം മാത്രം അളക്കുന്ന അളവുകോൽ അല്ല. മറിച്ച് അദ്ധ്യാപകൻെറനൈപുണ്യവും പ്രാവീണ്യവും കൂടി അളക്കപ്പെടുന്നു. ഒരു വിദ്യാർത്ഥിക്ക് മാർക്ക് കുറയുമ്പോൾ ഉത്തരവാദിത്വബോധമുള്ള അധ്യാപകൻ അതിൽ തനിക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്.

പരസ്യ വിമർശനം അരുത്.
മാർക്ക് കുറഞ്ഞ കുട്ടികളെ മറ്റുള്ളവരുടെ മുമ്പിൽ വെച്ച് അധിക്ഷേപിക്കാതെ സ്വകാര്യമായി വിളിച്ചു പ്രശ്നങ്ങൾ ചർച്ചചെയ്യുന്നത് കുട്ടിക്ക് അധ്യാപകരോടുള്ള ആദരവും ബഹുമാനവും കൂട്ടുന്നതിനും തന്മൂലം കൂടുതൽ ഉത്സാഹത്തോടെ പഠിക്കാനും പ്രാപ്തനാക്കുന്നു. അദ്ധ്യാപകൻ കുട്ടിയുടെ വൈഷമ്യങ്ങൾ മാതാപിതാക്കളുമായി പങ്കുവെക്കുകയും അവ പരിഹരിക്കാനുള്ള മാർഗങ്ങൾ അവരുമായി ചർച്ച ചെയ്യുകയും വേണം.

കൃത്യതയാർന്ന ആസൂത്രണം.
പാഠ്യപദ്ധതി യോടൊപ്പം വരാൻ പോകുന്ന പരീക്ഷകളെയും കുറിച്ച് അധ്യാപകൻ അധ്യയന വർഷാരംഭം തന്നെ കുട്ടികളെ ബോധവൽക്കരിക്കണം. പരീക്ഷ അടുത്ത് എത്തിക്കഴിഞ്ഞു ഇതിനു ശ്രമിച്ചു കുട്ടികളുടെ പിരിമുറുക്കം വർധിപ്പിക്കരുത്.

പരീക്ഷാ ഭയം അകറ്റുക.
പരീക്ഷയിൽ തങ്ങളെ എങ്ങനെ വിലയിരുത്തപ്പെടും എന്ന ഭയമാണ് കുട്ടികൾക്ക് വരാനിരിക്കുന്ന പരീക്ഷയെ കുറിച്ചുള്ള ആധിക്ക് കാരണം. പരീക്ഷാ ഭാരം കുറയാൻ മുൻവർഷങ്ങളിലെ ചോദ്യപേപ്പർ ക്ലാസിൽ ചർച്ച ചെയ്യണം. അവ ഉപയോഗിച്ചു ടെസ്റ്റുകൾ നടത്തണം. ഇപ്രകാരം ഡ്രിൽ നടത്തുന്നതിലൂടെ കുട്ടികളുടെ പ്രകടനം വളരെ മെച്ചപ്പെടുത്താം.

മുൻവിധി സൃഷ്ടിക്കാതിരിക്കുക.
പരീക്ഷയെക്കുറിച്ച് അനാവശ്യമായ മുൻവിധി സൃഷ്ടിക്കുന്നതിൽ അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ പങ്കുവഹിക്കുന്നു. തുടർപഠനം, മികച്ച കോഴ്സുകൾക്കുള്ള പ്രവേശനം എന്നിവയെ കുറിച്ചുള്ള അനാവശ്യ ചിന്തകൾ വിദ്യാർഥികൾക്ക് സമ്മാനിക്കുന്നത് പരീക്ഷാഭയം മാത്രമാണ്. ക്ലാസ് മുറികളിലെ അവസാന നാളുകളിൽ ഇത്തരം ഭീതി ഉളവാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാതിരിക്കാൻ അദ്ധ്യാപകർ ശ്രമിക്കേണ്ടതാണ്. ഇപ്രകാരം പരീക്ഷാ സാഹചര്യങ്ങൾക്കു മേൽ ഒരു പരിധിവരെ തങ്ങൾക്ക് നിയന്ത്രണം ഉണ്ടെന്ന ബോധം കുട്ടികളിൽ സൃഷ്ടിക്കുന്നതിൽ അധ്യാപകർക്ക് ഒരു വലിയ പങ്ക് നിർവഹിക്കാൻ സാധിക്കും.