കേവലം വൈകാരികമായ ഒരു അവസ്ഥ മാത്രമല്ല വിഷാദം; മാനസിക രോഗം കൂടി യാണ്. വിഷാദ രോഗലക്ഷണങ്ങൾ കാലേക്കൂട്ടി തന്നെ രോഗി പ്രകടിപ്പിക്കും. അത് കൃത്യസമയത്ത് മനസ്സിലാക്കി ഡോക്ടറുടെ അടുത്ത് എത്തി ചികിത്സ തുടങ്ങിയാൽ ഈ രോഗം പൂർണമായും ഭേദമാകും; രോഗി രക്ഷപ്പെടുകയും ചെയ്യും. ശാസ്ത്രീയമായ ചികിത്സയിലൂടെ പൂർണമായും മാറ്റിയെടുക്കാവുന്നതാണ് വിഷാദ രോഗമെന്നിരിക്കെ, അറിവില്ലായ്മയും അശ്രദ്ധയും കൊണ്ട് ചികിത്സയിൽ അലംഭാവം കാട്ടിയാൽ അത് രോഗിയുടെ ജീവന് തന്നെ ഭീഷണിയാവും.

വിഷാദ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്.
* തീവ്രമായ ദുഃഖവും ഉദ്കണ്ഡയും രണ്ടാഴ്ചയിൽ കൂടുതൽ അനുഭവപ്പെടുക.

* അകാരണമായ കരച്ചിൽ.
* ആനന്ദ ദായകമായ കാര്യങ്ങളിൽ താത്പര്യം നഷ്ടപ്പെടുക.
* ഏകാഗ്രത കുറവ്, തീരുമാനങ്ങളെടുക്കാൻ ബുദ്ധിമുട്ട്.
* വിശപ്പ് കുറയുക ,ശരീരം മെലിയുക.( അപൂർവ്വം ചിലരിൽ ശരീരം തടിക്കുക.)
* ഉറക്കക്കുറവ് ,നേരത്തെ ഉണരുക.( അപൂർവ്വം ചിലരിൽ ഉറക്കം കൂടുതൽ.)
* വ്യർത്ഥത ,ശുഭാപ്തി വിശ്വാസമില്ലായ്മ ,നിസ്സഹായാവസ്ഥ ,കുറ്റബോധം.
* ചിന്തകളിൽ മരണവും ആത്മഹത്യയും കൂടെ കൂടെ വരിക.

വിഷാദ രോഗികളിൽ 75% പേർ ആത്മഹത്യയെ കുറിച്ച് ചിന്തിക്കാം.50% പേർ ആത്മഹത്യാശ്രമം നടത്താം. 15% പേർ ആത്മഹത്യ ചെയ്യാം. ഇതാണ് സ്ഥിതിവിവര കണക്കുകളുടെ സൂചിക. ഈയൊരു വസ്തുതകളുടെ വെളിച്ചത്തിൽ ഏതൊരു വ്യക്തിയും തനിക്ക് വിഷാദരോഗ ലക്ഷണങ്ങൾ ഉണ്ടോ എന്ന് തിരിച്ചറിയുന്നത് ആ വ്യക്തിക്കും സമൂഹത്തിനും ഏറെ പ്രയോജന കരമായിരിക്കും.