സംശയ രോഗങ്ങളിൽ പെട്ട ഒരു വിഭാഗമാണ് ഇത്. കൂടുതലും സ്ത്രീകളിലാണ് ഈ രോഗം കണ്ടുവരുന്നത്. ഇറോട്ടോമാനിയയുള്ള സ്ത്രീ പലപ്പോഴും ഒരു ഏകാന്ത ജീവിതം നയിക്കുന്നവർ ആയിരിക്കും. വളരെ കൗതുകകരമായ ഒരു രോഗമാണിത്. തന്നെക്കാൾ സാമ്പത്തികമായും സാമൂഹ്യപരമായും ഉന്നതിയിലുള്ള ഒരു വ്യക്തി തന്നെ മറ്റുള്ളവർ കാണാതെ രഹസ്യമായി പ്രേമിക്കുന്നു എന്നതാണ് ഇത്തരത്തിലുള്ള സംശയരോഗത്തിൻ്റെ മുഖ്യലക്ഷണം. പ്രശസ്തരോടു തോന്നുന്ന ആരാധനയ്ക്ക് അപ്പുറമുള്ള ഒരു പ്രതിഭാസമാണിത്.ടെലിഫോൺ, മൊബൈൽ ഫോൺ, ഇ-മെയിൽ, കത്ത് എന്നിവ മുഖേനയോ സമ്മാനങ്ങൾ നൽകിയോ, അല്ലെങ്കിൽ പ്രത്യേക സന്ദർഭങ്ങൾ മനപ്പൂർവ്വം ഉണ്ടാക്കിയോ ഈ വ്യക്തി തന്നെ കാണാനും സംസാരിക്കാനും ശ്രമിക്കുന്നു എന്ന് ഇവർ വിശ്വസിക്കുന്നു. മറിച്ച് ഇതൊന്നും ഇല്ലെന്ന് എത്ര തന്നെ പറഞ്ഞാലും ഇവർ വിശ്വസിക്കുകയില്ല. പ്രശസ്തരായ പല വ്യക്തികൾക്കും ഇത്തരം സംശയരോഗക്കാർ മൂലം നിരന്തരമായ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്.

ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ഇത് രോഗിയുടെ അഭിനയമാണെന്നും അഹങ്കാരമാണെന്നും ഒക്കെ തെറ്റിദ്ധരിച്ച് ചികിത്സ നൽകാതിരിക്കുന്നത് കാണപ്പെടാറുണ്ട്. അതുകൊണ്ട് ഈ രോഗാവസ്ഥയെ കുറിച്ചും രോഗത്തിൻറെ കാരണങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും രോഗിയുടെ ബന്ധുക്കൾക്കും മറ്റു വേണ്ടപ്പെട്ടവർക്കും വിശദീകരിച്ച് കൊടുക്കേണ്ടതുണ്ട്. ചുരുക്കത്തിൽ രോഗിയുടെയും ഡോക്ടറുടെയും അടുത്ത ബന്ധുക്കളുടെയും ആത്മാർത്ഥമായ ഒരു കൂട്ടായ്മ ഉണ്ടാക്കി എടുത്താൽ താരതമ്യേന ബുദ്ധിമുട്ടുള്ള ഈ രോഗവും ഒരു പരിധിവരെ വിജയകരമായി ചികിത്സിക്കാവുന്നതേയുള്ളു.മരുന്നു ചികിത്സയും സൈക്കോതെറാപ്പിയും കുടുംബാംഗങ്ങൾക്കുള്ള കൗൺസിലിംഗും ചികിത്സയിൽ ഉൾപ്പെടുന്നു.