നമുക്കിടയിൽ പലരും ധരിച്ചു വച്ചിരിക്കുന്നത് കുട്ടികളിൽ പൊതുവേ മാനസിക രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കുറവാണ് എന്നതാണ്. എന്നാൽ ഈ ധാരണ തിരുത്തേണ്ടതാണ്. കാരണം ആകെ മാനസികരോഗങ്ങളുടെ 50 ശതമാനത്തിലും പ്രാരംഭ ലക്ഷണങ്ങൾ 14 വയസ്സിനു മുൻപ് തന്നെ പ്രകടിപ്പിച്ചു തുടങ്ങുമെന്ന് ലോക ആരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ ഭൂരിപക്ഷം മാനസികാരോഗ്യ പ്രശ്നങ്ങളും വളരെ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കും. കുട്ടികളുടെ കാര്യത്തിൽ പലപ്പോഴും ചികിത്സ തുടങ്ങാൻ വൈകുന്നതു മൂലം രോഗം സങ്കീർണ്ണം ആകുകയും പിന്നീട് രോഗത്തെ നിയന്ത്രിക്കാൻ വളരെക്കാലം നീണ്ടുനിൽക്കുന്ന ചികിത്സ ആവശ്യമായി വരികയും ചെയ്യുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് കുട്ടിക്കാലത്ത് മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിക്കുന്നവരെ മാനസികാരോഗ്യ വിദഗ്ധ െൻഅടുത്ത് എത്തിച്ച് കൃത്യമായ പരിശോധനയിലൂടെ രോഗനിർണയം നടത്തി എത്രയും നേരത്തെ ശാസ്ത്രീയ ചികിത്സ നൽകി അവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരേണ്ടതുണ്ട്. കൗമാരപ്രായക്കാരിലെ മരണകാരണങ്ങളിൽ രണ്ടാം സ്ഥാനത്തുള്ളത് ആത്മഹത്യയാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു.

തിരിച്ചറിയപ്പെടാതെ പോകുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ ആണ് ഇവിടെ പലപ്പോഴും ആത്മഹത്യയുടെ കാരണം. വിഷാദരോഗം, ലഹരിവസ്തുക്കളുടെ അടിമത്തം, ഇൻറർനെറ്റ് അടിമത്തം തുടങ്ങി പലതും കൗമാരപ്രായക്കാരിൽ ആത്മഹത്യ പ്രവണത വർധിപ്പിക്കുന്നുണ്ട്. ഈ അടിസ്ഥാന കാരണങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിച്ചു ഭേദപ്പെടുത്തിയാൽ കൗമാരപ്രായക്കാരിലെ ആത്മഹത്യാ നിരക്ക് ഗണ്യമായി കുറയ്ക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ഇളം പ്രായക്കാർക്കുള്ള കരുതൽ നമ്മുടെ ഭാഗത്തുനിന്നും ഒട്ടും കുറഞ്ഞു പോവരുത്.