വിവിധ ശാരീരിക രോഗങ്ങൾ ഉള്ളതുപോലെ തന്നെ വിവിധ മാനസിക രോഗങ്ങളും ഉണ്ട്. സ്കീസോഫ്രീനിയ, ബൈപോളാർ അഫക്ടീവ് ഡിസോർഡർ, ഡിപ്രഷൻ, മദ്യപാനരോഗം എന്നിവ അതിൽ ചിലതു മാത്രമാണ്. കണക്കുകൾ സൂചിപ്പിക്കുന്നത് 3% മുതൽ 5% വരെ ആളുകൾക്ക് ഗുരുതര മാനസികരോഗങ്ങൾ ഉണ്ട് എന്നാണ്. അതേസമയം ലഘുവായ മാനസികരോഗങ്ങൾ 25% മുതൽ 30 % വരെ ആളുകൾക്ക് ഉണ്ട്. ഇതിൽ ചികിത്സ ലഭിക്കുന്നത് 30% മുതൽ 40% വരെയുള്ള ആളുകൾക്ക് മാത്രമാണ്. ശാരീരിക രോഗങ്ങൾക്ക് ചികിത്സ ലഭിക്കുന്നതുമായി തട്ടിച്ചുനോക്കുമ്പോൾ ഇത് വളരെ പരിതാപകരമാണ്. രോഗത്തെ യഥാവിധി തിരിച്ചറിയുന്നതിനുള്ള ബുദ്ധിമുട്ടും, ഇനി തിരിച്ചറിഞ്ഞാൽ തന്നെ സമൂഹത്തിൻറെ കാഴ്ചപ്പാടും ആണ് ഇതിനെ ഇത്ര സങ്കീർണമാക്കുന്നത്. കേരളത്തിൽ മാനസികാരോഗ്യ വിദഗ്ധരുടെയും ചികിത്സ കേന്ദ്രങ്ങളുടെയും ലഭ്യതയും നിലവാരവും എത്രയോ മികവാർന്നതാണ്. എന്നിട്ടാണ് ഇത്രയും വലിയ ശതമാനം രോഗികൾ ചികിത്സിയ്ക്ക പെടാതെ പോകുന്നത് എന്നത് ഏറെ ദൗർഭാഗ്യകരമായ വസ്തുതയാണ്.