എൻറെ തലച്ചോറും കുടലും പ്രവർത്തിക്കുന്നില്ല ഡോക്ടറെ….
ശാരീരികമായി ഒരു തകരാറും ഇല്ലാതെ തന്നെ ഒരു വ്യക്തി ശാരീരിക രോഗം സംശയിക്കുന്ന അവസ്ഥ സംശയ രോഗങ്ങളിൽ പെട്ട ഒരു വകഭേദമാണ്. സൊമാറ്റിക് ഡെല്യൂഷൻ എന്നാണ് ഇത് അറിയപ്പെടുന്നത്. മറ്റ് മാനസിക രോഗങ്ങളുടെ ഭാഗമായും ഇത് കാണപ്പെടാറുണ്ട്. വായയിൽ നിന്നോ മൂക്കിൽ നിന്നോ വിയർപ്പിൽ നിന്നോ ദുർഗന്ധം വമിക്കുന്നു, മുടിയിലോ ചെവിയിലോ അല്ലെങ്കിൽ ശരീരത്തിൻറെ ഉൾഭാഗത്തോ പ്രാണികൾ അരിച്ചു നടക്കുന്നു, ശരീര ഭാഗങ്ങളായ മൂക്ക് ചുണ്ട് ചെവി മുതലായവ വൃത്തികെട്ട ആകൃതിയിലാണ്, മസ്തിഷ്കം, കുടൽ എന്നിവ പ്രവർത്തിക്കുന്നില്ല…. എന്നിങ്ങനെ നിരവധി ഭാവത്തിലും രൂപത്തിലും ഇത്തരത്തിലുള്ള സംശയങ്ങൾ ഉണ്ടാവാറുണ്ട്. ഇതെല്ലാം യാഥാർത്ഥ്യമാണെന്ന് കരുതി മനോരോഗ വിദഗ്ധനെ സമീപിക്കാതെ മറ്റു സ്പെഷ്യലിസ്റ്റുകളെ കണ്ടുകൊണ്ട് ജീവിതം ദുരിത പൂർണ്ണമാവുന്നു. ശാരീരിക സംശയരോഗം ചികിത്സയിലേക്കു എത്തിപ്പെടുന്നത് വരെയുള്ള യാത്ര ദുഷ്കരമായേക്കാം. എന്നാൽ ഔഷധ ചികിത്സ തുടങ്ങിക്കഴിഞ്ഞാൽ രോഗത്തിൻറെ ഗതി നിയന്ത്രണ വിധേയമാക്കാം.