സാധാരണയായി വ്യക്തികൾക്കു പ്രായം കൂടുമ്പോൾ തലച്ചോറിൻ്റെ പ്രവർത്തനക്ഷമത കുറയുകയും ഓർമ്മ തകരാറുകൾ ഉണ്ടാവുകയും ചെയ്യും. എന്നാൽ പ്രായമാകുന്ന എല്ലാ ആളുകൾക്കും ഓർമ്മക്കുറവ് ഉണ്ടാകണമെന്നില്ല. പഴയതുപോലെ ഒന്നും ഓർക്കാൻ കഴിയുന്നില്ല എന്ന് പല വയോധികരും പറയാറുണ്ട്. അത് ഒരു രോഗാവസ്ഥ ആയിക്കൊള്ളണമെന്നില്ല. കാരണം ഇവർക്ക് ഓർമ്മക്കുറവ് കൂടിക്കൂടി വരികയോ ഡിമെൻഷ്യ യുടെ മറ്റു ലക്ഷണങ്ങൾ കാണുകയോ ചെയ്യുന്നില്ല.

ഡിമെൻഷ്യ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ.

* വർദ്ധിച്ചുവരുന്ന ഓർമ്മക്കുറവ്. അതായത് അടുത്തകാലത്ത് നടന്ന കാര്യങ്ങൾ പെട്ടെന്ന് മറന്നു പോവുകയും വളരെ നാളുകൾക്ക് മുൻപുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനുള്ള പ്രവണത പ്രകടമാവുകയും ചെയ്യുക.

* സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരികയും വിഷയം മാറിപ്പോവുകയും ചെയ്യുക.

* പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും പറയുക.

* ചോദിച്ച കാര്യങ്ങൾ തന്നെ ആവർത്തിച്ചു കൊണ്ടിരിക്കുക.

* ഭക്ഷണം കഴിച്ചതിനു ശേഷം അക്കാര്യം മറന്നു പോകുക.

* വർഷം, ദിവസം, തിയ്യതി ഇവ മറന്നു പോകുക.

* പരിചിതമായ സ്ഥലത്ത് വഴിതെറ്റി പോകുക.

* അടുത്ത് പരിചയമുണ്ടായിരുന്ന വരെയും അടുത്ത ബന്ധുക്കളെയും തിരിച്ചറിയാൻ ബുദ്ധിമുട്ടനുഭവപ്പെടുക.

* വളരെ കാലമായി ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തികൾ ചെയ്യുന്ന വിധം മറന്നു പോകുക.

* ഭാഷാപരമായ ആശയവിനിമയത്തിനുള്ള കഴിവുകൾ നഷ്ടപ്പെടുക.

* സ്വഭാവത്തിലും വ്യക്തിത്വത്തിലും മാറ്റങ്ങൾ പ്രകടമാകുക.

* ഒരു കാര്യത്തിലും താൽപര്യമില്ലായ്മ, നിസ്സംഗത, അകാരണമായ വിഷാദം, ദേഷ്യം, അനുചിതമായ പ്രവൃത്തികൾ തുടങ്ങിയവ.

* സാധനങ്ങൾ സ്ഥലംമാറി വെക്കുക, ശേഷം തിരഞ്ഞു കൊണ്ടിരിക്കുക.

തലച്ചോറിൻറെ കഴിവുകൾ കുറയുന്നതിനനുസരിച്ച് ഈ വിഷമതകൾ വർദ്ധിച്ചുകൊണ്ടേയിരിക്കും. ഓർമ്മ മെച്ചപ്പെടുത്താൻ മരുന്നുകൾക്ക് സാധിക്കില്ല എങ്കിലും പെരുമാറ്റത്തിലെ സങ്കീർണതകൾ കുറയ്ക്കാൻ ഔഷധ ചികിത്സയ്ക്ക് സാധിയ്ക്കും.