‘മാതാപിതാക്കൾ എന്നെ നന്നായി അടിച്ചാണ് വളർത്തിയത്; അതുകൊണ്ട് ഞാൻ നന്നായി’ എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തി സ്വന്തം കുട്ടികളെയും അതേപോലെ അടിച്ചു നന്നാക്കാൻ ശ്രമിച്ചെന്നിരിക്കും. ഇത്തരത്തിൽ നമ്മെ നമ്മുടെ രക്ഷിതാക്കൾ വളർത്തിയ അതെ രീതിയിൽ നമ്മുടെ കുട്ടികളെ വളർത്താൻ ശ്രമിക്കുന്ന രീതിയെ ചോദനാത്മക രക്ഷാകർതൃത്വം (Instinctive Parenting) എന്നു വിളിക്കുന്നു. ഈ രീതിക്ക് ചില ഗുണങ്ങളുണ്ട്. കാരണം പരമ്പരാഗതമായ മൂല്യങ്ങളും ജീവിതരീതികളും ഒക്കെ പുതിയ തലമുറയിലേക്ക് എത്തിക്കാൻ ഈ രീതി സഹായിക്കും. അതേസമയം ചില ദോഷങ്ങളുമുണ്ട്. കാലം മാറിയത് അറിയാതെ പഴയ ശൈലിയിലുള്ള രക്ഷാകർതൃത്വ മാർഗ്ഗങ്ങൾ ഉപയോഗിച്ചാൽ പുതിയ തലമുറയിലെ കുട്ടികൾ അതിനോട് സഹകരിക്കണം എന്നില്ല. ഉദാഹരണത്തിന് കള്ളം പറയുമ്പോളോ പരീക്ഷയ്ക്ക് മാർക്ക് കുറയുമ്പോളോ ഒക്കെ കുട്ടികളെ അടിക്കുന്ന രീതി പഴയതലമുറയിലെ രക്ഷാകർത്താക്കൾ വ്യാപകമായി സ്വീകരിച്ചിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് ഇത്തരം രീതികൾ പ്രയോഗിച്ചാൽ എന്തായിരിക്കും കുട്ടികളുടെ പ്രതികരണം? സ്വാഭാവികമായും അവർ പ്രതിഷേധിക്കാനും തിരിച്ച് അക്രമം കാട്ടാനും ഉള്ള സാധ്യത വളരെ ഏറെയാണ്. ചിലർ വീടുവിട്ട് പോയെന്നും ഇരിക്കാം. ഇത്തരം രീതികൾ അവലംബിക്കുന്ന രക്ഷിതാക്കളോട് കുട്ടികൾക്ക് കഠിനമായ വെറുപ്പ് ഉണ്ടാകാനും പതിയെ അവരുമായി മാനസികമായി അകലാനും സാധ്യതയുണ്ട്. ക്രമേണ രക്ഷിതാക്കളോട് ഒട്ടും സ്നേഹമില്ലാത്ത അവരോട് ഒട്ടും സഹകരിക്കാത്ത രീതിയിലേക്ക് കുട്ടികൾ മാറി പോയേക്കാം.