എന്താണ് Mania … അഥവാ ഉന്മാദ രോഗം?
വിഷാദരോഗത്തിന് നേരെ എതിരായ അതിരുകവിഞ്ഞ സന്തോഷാവസ്ഥയെയാണ് ഉന്മാദരോഗം എന്നു പറയുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ പിതാവായ ഹിപ്പോക്രാറ്റസ് നൂറിൽപരം വർഷങ്ങൾക്കു മുമ്പ് തന്നെ വിഷാദം, ഉന്മാദം എന്നീ അവസ്ഥകളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. വിഷാദാവസ്ഥയും ഉന്മാദാവസ്ഥയും മാറിമാറി ഒരാൾക്ക് തന്നെ വന്നേക്കാം. ഈ അവസ്ഥയെയാണ് മാനിക് ഡിപ്രസ്സിവ് സൈക്കോസിസ് (Manic Depressive Psychosis) അഥവാ ബൈപോളാർ അഫക്ടീവ് ഡിസോർഡർ (Bipolar Affective Disorder) എന്നുവിളിക്കുന്നത്. മുൻ അമേരിക്കൻ പ്രസിഡണ്ടുമാരായ എബ്രഹാം ലിങ്കൺ, റൂസ് വെൽറ്റ്, ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൻ ചർച്ചിൽ എന്നിവർക്ക് ഈ അസുഖം ഉണ്ടായിരുന്നു.
വിഷാദ അവസ്ഥ ആയോ, ഉന്മാദ അവസ്ഥ ആയോ ഈ അസുഖം പ്രത്യക്ഷപ്പെടാം. മിക്കവാറും വിഷാദ അവസ്ഥയായിരിക്കും ആദ്യം. അപൂർവ്വം ചിലരിൽ രണ്ടിൻെയും ലക്ഷണങ്ങൾ ഒരേസമയത്ത് തന്നെ കാണാറുണ്ട്. മിക്സഡ് സ്റ്റേറ്റ് (Mixed State) എന്നാണ് ഇതിന് പറയുന്നത്.
ഉന്മാദാവസ്ഥയിൽ അതിരു കവിഞ്ഞ സന്തോഷം അല്ലെങ്കിൽ ദേഷ്യം, അമിതമായ ആത്മവിശ്വാസം, ക്രമാതീതമായ ഊർജ്ജസ്വലത, താൻ വലിയ ആളാണ് അല്ലെങ്കിൽ സമ്പന്നനാണ് അതുമല്ലെങ്കിൽ അത്ഭുത സിദ്ധിയുള്ള ആളാണ് എന്നൊക്കെയുള്ള തോന്നൽ, വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുക, അപരിചിതരോട് പോലും കയറിച്ചെന്ന് പരിചയപ്പെടുക, നടത്താൻ കഴിയാത്ത കച്ചവടം ആരംഭിക്കുക, പണം ധൂർത്തടിക്കുക, പതിവില്ലാതെ ദാനധർമ്മങ്ങൾ ചെയ്യുക തുടങ്ങിയവയും ഉന്മാദ അവസ്ഥയുടെ ലക്ഷണങ്ങൾ ആണ്. ഇവർക്ക് വിശപ്പ്, ഉറക്കം എന്നിവ ഇല്ലെങ്കിലും അതൊരു പ്രശ്നമായി അനുഭവപ്പെടുകയില്ല. ചിലർ ലൈംഗിക വിഷയങ്ങളിൽ അമിത താൽപര്യം കാണിച്ചേക്കാം. മദ്യം മയക്കുമരുന്ന് എന്നിവയും ചിലർ ഉപയോഗിക്കാറുണ്ട്.
സൈക്യാട്രിസ്റ്റിൻറെ മേൽനോട്ടത്തിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന ഔഷധ ചികിത്സയിലൂടെ ഈ അസുഖം നിയന്ത്രണ വിധേയമാക്കാവുന്നതാണ്. ചില ഘട്ടങ്ങളിൽ ആശുപത്രി വാസത്തോടുകൂടി ഉള്ള ചികിത്സയും അനിവാര്യമായി വരാറുണ്ട്.