ശാരീരികവും ജനിതകപരവും മനഃശാസ്ത്രപരവും സാമൂഹികവുമായ ഒട്ടേറെ ഘടകങ്ങൾ ഈ അസുഖത്തിന് കാരണമായി കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിലെ നാഡീകോശങ്ങൾ പരസ്പരം ആശയവിനിമയം ചെയ്യുന്നതിന് സഹായിക്കുന്ന രാസ പദാർത്ഥങ്ങൾ ആയിട്ടുള്ള ഡോപമിൻ, സിറടോണിൻ, നോർഎപിനെഫ്രിൻ എന്നിവയുടെ അളവ് തലച്ചോറിൽ കുറയുമ്പോൾ വിഷാദരോഗവും കൂടിയാൽ ഉൻമാദരോഗവും ഉണ്ടാകുന്നു എന്ന് കാണാം. കൂടാതെ നമ്മുടെ ശരീരത്തിലെ എല്ലാ ഹോർമോണുകളുടെയും പ്രവർത്തനം നിയന്ത്രിക്കുന്ന പിറ്റ്വിറ്ററി, തൈറോയ്ഡ്, അഡ്രിനൽ എന്നീ അന്തർ സ്രാവഗ്രന്ഥികളുടെ പ്രവർത്തനത്തിലും പ്രശ്നങ്ങൾ ഉള്ളതായി ഈ അസുഖത്തിൽ കണ്ടെത്തിയിട്ടുണ്ട്.

മാത്രം അല്ല ഈ അസുഖത്തിൽ തലച്ചോറിലെ വിവിധ പരിശോധനകൾ ആയ സി ടി സ്കാൻ, എംആർഐ, ഇ ഇ ജി, പി ഇ ടി(Positron Emission Tomograhy) എന്നിവയിലും തലച്ചോറിൻറെ ഘടന, പ്രവർത്തനം, രക്തപ്രവാഹം എന്നിവയിൽ പലവിധ വ്യത്യാസങ്ങൾ ഉള്ളതായി സമീപകാലത്ത് പഠനങ്ങൾ കാണിക്കുന്നു.

മാതാപിതാക്കളിൽ ഒരാൾക്ക് ഈ അസുഖം ഉണ്ടെങ്കിൽ കുട്ടികൾക്ക് വരാനുള്ള സാധ്യത ഈ അസുഖം ഇല്ലാത്ത മാതാപിതാക്കളുടെ കുട്ടികളെ അപേക്ഷിച്ച് 25 ശതമാനം കൂടുതലാണ്. ഇനി അച്ഛനും അമ്മയ്ക്കും അസുഖം ഉണ്ടെങ്കിൽ കുട്ടിക്ക് വരാനുള്ള സാധ്യത 50 മുതൽ 75 ശതമാനം വരെയായി വർധിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് ഈ അസുഖത്തിൽ പാരമ്പര്യത്തിനുള്ള ഗണ്യമായ പങ്കിനെ ആണ്.

ജീവിതത്തിൽ പെട്ടെന്നുണ്ടാകുന്ന ദുഃഖകരമോ സന്തോഷകരമോ ആയ സംഭവങ്ങൾ, തുടർച്ചയായ മാനസിക സംഘർഷങ്ങൾ എന്നിവ ഉൻമാദ-വിഷാദരോഗം ആരംഭിക്കുന്നതിനോ, അസുഖമുള്ള ആളിന് രോഗം മൂർച്ഛിക്കുന്നതിനോ കാരണമാവാം. സാധാരണ ഈ അസുഖം ആരംഭിക്കുന്നത് 20 വയസ്സിനും 30 വയസ്സിനും ഇടയ്ക്കുള്ള പ്രായത്തിലാണ്. എന്നാൽ ഒന്നിലേറെ കാരണങ്ങൾ ഒരാൾക്ക് തന്നെ ഉണ്ടാകുമ്പോൾ അസുഖം സാധാരണ തുടങ്ങുന്ന പ്രായത്തിന് മുമ്പ് തന്നെ ആരംഭിക്കാം.