ഇവിടെ ഓപണാവാം… അൽപം കൂടി
ഉൽക്കണ്ഠയോടു കൂടിയുള്ള വിഷാദരോഗത്തിന് ചികിത്സ എടുക്കുന്ന കുമാർ ഇടയ്ക്കിടെ ഡോക്ടറുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി മരുന്ന് നിർത്താറുണ്ട്. ഇത് ഒരു തുടർക്കഥ ആയപ്പോൾ മരുന്നു നിർത്തുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ അതിന് കൃത്യമായ ഉത്തരം പറയാതെ കുമാർ ഒഴിഞ്ഞു മാറാൻ തുടങ്ങി. മാസങ്ങൾക്കുശേഷം ഗതികെട്ട് മനസ്സില്ലാമനസ്സോടെ കുമാർ അതിനു പ്രേരണയായ കാര്യം തൻറെ സൈക്യാട്രിസ്റ്റിനോട് പറയുകയുണ്ടായി. വളച്ചുകെട്ടില്ലാതെ പറയട്ടെ, ലിംഗം
ഉദ്ധരിക്കാത്തതായിരുന്നു കുമാറിൻറെ പ്രശ്നം.
കാര്യം തുറന്നു പറഞ്ഞതോടുകൂടി ഡോക്ടർ മരുന്നിൽ ചെറിയ മാറ്റങ്ങൾ വരുത്തുകയും കുമാറിൻറെ പ്രശ്നങ്ങൾക്കെല്ലാം വ്യക്തമായ പരിഹാരം കൈവരികയും ചെയ്തു. ചില വ്യക്തികളിൽ ചില മരുന്നുകൾ ചില പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാം. എന്നാൽ അസുഖ കാര്യങ്ങളിൽ സൈക്യാട്രിസ്റ്റുമായി ഒരു സുതാര്യ ബന്ധമാണ് ഇവിടെ അനിവാര്യം. അങ്ങനെ വരുമ്പോൾ പ്രശ്നങ്ങൾക്കെല്ലാം പരിഹാരങ്ങളുമുണ്ട്. മറിച്ച് കുമാർ ആദ്യം ചെയ്ത പോലെ കാര്യങ്ങൾ മറച്ചു വെക്കുമ്പോൾ അത് രോഗമുക്തിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.